കാസർഗോഡ്: കെപിസിസി ഭാരവാഹി യോഗത്തിൽ തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നെന്ന വാർത്തകളിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് രഹസ്യചർച്ചകൾക്ക് മറുപടി പറയാനില്ലെന്നും വിമർശനമുണ്ടെങ്കിൽ പരസ്യമായി ഉന്നയിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. ആണത്തമുണ്ടെങ്കിൽ ഇതൊക്കെ പരസ്യമായി പറയണം.
അതല്ലേ അതിന്റെ ഒരു മര്യാദ. രഹസ്യമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ എങ്ങനെയാണ് പ്രതികരിക്കുക എന്നായിരുന്നു ഉണ്ണിത്താന്റെ ചോദ്യം.സർക്കാരിനെതിരെയും കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിത്താൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി ഭാരവാഹി യോഗത്തിൽ അദ്ദേഹത്തിനെതിരെ വിമർശനമുയർന്നത്.
ഉണ്ണിത്താനെ നിയന്ത്രിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും യോഗത്തിൽ ഉയർന്നിരുന്നു. നിയന്ത്രണമുണ്ടായില്ലെങ്കിൽ പരസ്യമായി പ്രതികരിക്കുമെന്ന് കാസർഗോഡ് ഡിസിസിയും മുന്നറിയിപ്പ് നൽകിയിരുന്നു. 1968ൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ താൻ കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവാണെന്നും വിമർശനം ഉന്നയിക്കുന്നവർ അന്ന് ജനിച്ചിട്ടുപോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പരസ്യപ്രതികരണവുമായി ആരെങ്കിലും രംഗത്തെത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. ആരുടെയും വക്കാലത്ത് തനിക്ക് ആവശ്യമില്ലെന്നും തന്നെ നേരിടാനുള്ള ശക്തിയുണ്ടോയെന്ന് വിമർശകർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.