തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. കഴിഞ്ഞ ദിവസം പെരമ്പലൂരിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെ ഇന്ന് തിരുച്ചിറപ്പള്ളിയിലും അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകി. പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വിജയ്, തനിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു.
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനമെങ്കിലും വിജയ് രണ്ട് മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തന്റെ അവസാന ചിത്രമായ 'ജനനായകൻ' സിനിമയുടെ റിലീസ് തടഞ്ഞതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വിജയ് പറഞ്ഞു. ചിത്രം തിരഞ്ഞെടുപ്പിൽ വലിയ ആയുധമാകുമെന്ന് ഭയന്നാണ് ഭരണകൂടം റിലീസ് തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.