തിരുവനന്തപുരം: നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം നടത്തിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതും അവസാനിക്കുന്നതും ജവഹർലാൽ നെഹ്റുവിന്റെ ഉദ്ധരണികളോടെ ആയിരുന്നു. പരിസ്ഥിതി, സ്ത്രീ അനുകൂല നിലപാടുകൾ ഉയർത്തിപ്പിടിച്ചും കർഷകരുടെയും വനാതിർത്തികളിൽ താമസിക്കുന്ന സാധാരണക്കാരുടെയും ആകുലതകളും ആശങ്കകളും പരിഗണിച്ചുമാണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത്.
“ഒറ്റയ്ക്കു പ്രവർത്തിക്കുന്നതിനേക്കാൾ ഒരുമിച്ചു പ്രവർത്തിക്കുന്നതാണു നല്ലത്, പൊതുനന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് ഏറ്റവും നല്ലത്. ’’ ജവഹർലാൽ നെഹ്റുവിന്റെ ഈ വാക്കുകളോടെയാണ് ഭരണനിർവഹണത്തിലെ തങ്ങളുടെ കാഴ്ചപ്പാട് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ‘ജവഹർലാൽ നെഹ്റു സയന്റിഫിക് സെന്ററുകൾ’ ആരംഭിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്. ജവഹർലാൽ നെഹ്റുവിന്റെ പേരു പോലും ഓർമയിൽനിന്നു മായ്ച്ചുകളയാൻ ഭരണകൂടങ്ങൾ അത്യധ്വാനം ചെയ്യുന്ന സമകാലീന ഇന്ത്യയിൽ യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം ഒരു രാഷ്ട്രീയ പ്രഖ്യാപനം തന്നെയാണ്.
പുതുയുഗ കേരളം
സാമൂഹ്യനീതിയോടു കൂടിയ സാന്പത്തികവളർച്ചയും പാരിസ്ഥിതിക ഉത്തരവാദിത്തത്തോടുകൂടിയ ആധുനിക അടിസ്ഥാന സൗകര്യവും മാനുഷിക സഹാനുഭൂതിയോടുകൂടിയ സാങ്കേതിക പുരോഗതിയും അവസരസമത്വവും സമന്വയിപ്പിക്കുന്ന ഒരു പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനം വികസനത്തോടുള്ള സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു.
മനുഷ്യത്വസ്പർശമില്ലാത്ത വികസനം എന്ന നിയോലിബറൽ കാഴ്ചപ്പാടിനോടു യോജിപ്പില്ലെന്ന പ്രഖ്യാപനം കഴിഞ്ഞ കാലങ്ങളിലെ സമീപനങ്ങളിൽ നിന്നുള്ള വ്യതിയാനവുമാണ്. പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള വികസനത്തിൽ മാത്രമേ സർക്കാർ വിശ്വസിക്കുന്നുള്ളൂ എന്ന നയത്തിന്റെ പ്രഖ്യാപനംകൂടിയാണിത്.
മതനിരപേക്ഷതയുടെയും സാമൂഹിക ഐക്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. കരുതലും വികസനവും എന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാഴ്ചപ്പാടുതന്നെ വി.ഡി. സതീശനുമെന്നും നയപ്രഖ്യാപനപ്രസംഗത്തിലൂടെ വ്യക്തമാക്കുകയാണ്. വികസനവും ക്ഷേമവും വിരുദ്ധ ആശയങ്ങളല്ലെന്നു പ്രസംഗത്തിൽ വ്യക്തമാക്കുന്നു.
ഗാരന്റികൾ
ഇന്ദിരാ ഗാരന്റികൾ ആവർത്തിച്ചെങ്കിലും വിശദാംശങ്ങളോ നടപ്പാക്കുന്ന തീയതിയോ വ്യക്തമാക്കിയിട്ടില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതുപോലുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്താറുമില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റേതുപോലെ സ്വപ്നപദ്ധതികൾ വി.ഡി. സതീശൻ സർക്കാരും മുന്നോട്ടു വയ്ക്കുന്നു. സംസ്ഥാനത്തെ സംയോജിത തുറമുഖ കേന്ദ്രമാക്കി മാറ്റുക, കേരളത്തെ ദക്ഷിണേഷ്യയിലെ വ്യോമയാനത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുക, പതിനായിരത്തിലധികമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉന്നത തലത്തിലുള്ള മത്സരക്ഷമത നേടാൻ പ്രാപ്തമാക്കുക എന്നിവയാണു സ്വപ്നപദ്ധതികളായി അവതരിപ്പിച്ചിരിക്കുന്നത്.
കടുത്ത സാന്പത്തിക സമ്മർദത്തെക്കുറിച്ചു പറയുന്പോഴും ദരിദ്രർക്കും നിരാലംബർക്കും വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും നയപ്രഖ്യാപനത്തിൽ ഉറപ്പുനൽകുന്നു. കേരളത്തിന്റെ കരുത്തും നേരിടുന്ന വെല്ലുവിളികളും ഉയർത്തിക്കാട്ടുന്പോഴും വെല്ലുവിളികളെ അവസരമാക്കി മാറ്റാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.
കേന്ദ്രസർക്കാരുമായി യോജിച്ചു പോകാമെന്ന പ്രതീക്ഷയാണു പ്രകടിപ്പിക്കുന്നത്. കേന്ദ്രവിമർശനം ഇല്ലെന്ന പഴി സർക്കാരിനെതിരേ ചില കേന്ദ്രങ്ങൾ ഉയർത്തിയെങ്കിലും അതിൽ കഴന്പില്ല. അധികാരത്തിലെത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമായ സർക്കാരിനു കേന്ദ്രസർക്കാരിൽനിന്നു ദുരനുഭവങ്ങളുണ്ടായിട്ടില്ല. മുൻവിധിയോടെ വിമർശനം അഴിച്ചുവിടുന്നതിൽ കാര്യമില്ലതാനും.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനത്തിൽ പറയുന്നതു മൂന്നു കാര്യങ്ങൾ മാത്രമാണ്. ഹജ്ജ് തീർഥാടനം, വഖഫ് സ്വത്ത് സംരക്ഷണം, വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളുടെ ആധുനികവത്കരണം. ഒരു സമുദായത്തെക്കുറിച്ചു മാത്രം പരാമർശം നടത്തിയതു തീർച്ചയായും കുറവു തന്നെയാണ്. ഇതു വിവാദമായി മാറിയാലും അദ്ഭുതപ്പെടേണ്ടതില്ല. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു വിവാദത്തിനു തിരികൊളുത്തേണ്ട ആവശ്യമില്ലായിരുന്നു.
“ജനങ്ങൾക്കു വിശ്വാസമുണ്ടാകുന്പോഴാണ് ഒരു സർക്കാർ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്.’’ നയപ്രഖ്യാപന പ്രസംഗം ഉപസംഹരിക്കുന്നതിനു മുന്പായി ഉപയോഗിച്ചതും ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ.