ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന.
രാജ്യത്തെ ഭരണസംവിധാനം പൂർണമായും തകർന്നുതരിപ്പണമായെന്ന് സൈനികമേധാവി അസിം മുനീറിന്റെ വിശ്വസ്തനും ആഭ്യന്തരമന്ത്രിയുമായ മൊഹ്സിൻ നഖ്വി തുറന്നുസമ്മതിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഷെഹബാസ് ഷെരീഫ് മന്ത്രിസഭയിലെ പ്രബലനായ നഖ്വിയുടെ തുറന്നുപറച്ചിൽ യാദൃച്ഛികമല്ലെന്നും നിലവിലെ ‘ഹൈബ്രിഡ്’ ഭരണകൂടത്തെ മാറ്റി സൈന്യം നേരിട്ട് അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുൻ മാധ്യമപ്രവർത്തകനായ മൊഹ്സിൻ നഖ്വിക്ക് മുന്‍പ് രാഷ്ട്രീയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും അസിം മുനീറിന്റെ പൂർണ പിന്തുണയോടെയാണ് ആഭ്യന്തരമന്ത്രി പദവിയിലെത്തിയത്. നിലവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻകൂടിയായ നഖ്വി, പൊതുപരിപാടിയിൽ സംസാരിക്കവെയാണു രാജ്യത്തെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയത്.
പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ദ ഡോണിന്റെ കോളമിസ്റ്റും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ യൂസഫ് നാസറിന്റെ നിരീക്ഷണത്തില്‍, നഖ്വിയുടെ വാക്കുകള്‍ സൈനികമേധാവി അസിം മുനീറിന്റെ ഉള്ളിലിരിപ്പാണു വെളിപ്പെടുത്തുന്നത്.
ഭരണസംവിധാനം തകര്‍ന്നുവെങ്കില്‍ അതില്‍നിന്നു മാറിനില്ക്കാന് മുനീറിനാകില്ലെന്നും രാജ്യത്തിന്റെ സകല നിയന്ത്രണങ്ങളും അദ്ദേഹം കൈവശപ്പെടുത്തിക്കഴിഞ്ഞുവെന്നും നാസറിന്റെ പുതിയ ലേഖനത്തില്‍ പറയുന്നു. നിലവിലെ സർക്കാരിനെ താഴെയിറക്കി അസിം മുനീർ പ്രസിഡന്റായും മൊഹ്സിൻ നഖ്വി പ്രധാനമന്ത്രിയായുമുള്ള പുതിയ ഭരണക്രമത്തിനുള്ള സാധ്യതയേറെയാണെന്നാണ് മുൻ പാക് സൈനിക ഉദ്യോഗസ്ഥനും യുട്യൂബറുമായ ആദിൽ രാജ വെളിപ്പെടുത്തിയത്.
ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ
ക്വറ്റ: പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെട്ടതിനു പിന്നാലെ ഓഗസ്റ്റ് 11 ദേശീയ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു സ്വയം പ്രഖ്യാപിത "റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’.
ബലൂച് വിമോചനനേതാവ് മിർ യാർ ബലൂച് ആണ് ആഹ്വാനം നടത്തിയത്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം രാജ്യാന്തരസമൂഹം ഔദ്യോഗികമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.