കൊച്ചി: രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ യുദ്ധത്തിനു സമാനമാണെന്നും ഈ വെല്ലുവിളികളെ നേരിടാന്‍ സമൂഹം ഒന്നിച്ചുനില്‍ക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സൈബര്‍ സുരക്ഷയ്ക്കായി കേരള പൊലിസ് സംഘടിപ്പിച്ച കൊക്കൂണ്‍ ആഗോള സൈബര്‍സുരക്ഷാ സംഗമത്തിന്റെ 19-ാമത് പതിപ്പ് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ യുഗത്തില്‍ നേട്ടങ്ങള്‍ക്കൊപ്പം വലിയ വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ മോഷണം, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയ സൈബര്‍ ഭീഷണികള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുന്നു. ലോകമെമ്പാടും ഡാറ്റാ മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി രേഖകള്‍, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍, മിലിട്ടറി ഡാറ്റ, രഹസ്യസ്വഭാവമുള്ള പൊലിസ് ഡാറ്റ എന്നിവ സംരക്ഷിക്കുക സര്‍ക്കാരിന്റെ പ്രഥമ കടമയാണ്. സംസ്ഥാനത്തു സൈബര്‍ സാക്ഷരത വര്‍ധിക്കുന്നുണ്ടെന്നും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് കാലത്ത് ഓരോ വ്യക്തിയും സൈബര്‍ ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശീയ സുരക്ഷാ ഡെപ്യൂട്ടി അഡ്വൈസര്‍ ടി.വി. രവിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്ബിഐ ചെയര്മാന് കെ.എസ്. ഷെട്ടി, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, യുഎഇ സൈബര്‍ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് ബഹല്‍, ഒമാന്‍ നാഷണല്‍ സിഇആര്‍ടി ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ ബാദര്‍ അല്‍ സാലി, സീറോ ഡേ എന്‍ജിനിയറിംഗ് ഫൗണ്ടറും ഗവേഷകയുമായ അലീസ, ഇന്റർപോള്‍ ഓഫിസ് ഓഫ് ഇന്റേണല്‍ ഓവര്‍സൈറ്റ് റിച്ചാര്‍ഡ്, ചൈല്‍ഡ് ലൈറ്റ് ഡയറക്ടര്‍ കെവിന് പ്ലെ, ജാപ്പനീസ് കോഡ് ബ്ലൂ കോണ്‍ഫറന്‍സ് സ്ഥാപക കാന ഷിറോമ, മുന്‍ ഇന്ത്യന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ ഓര്‍ഡിനേറ്റര്‍ ലഫ്. ജനറല്‍ എം.യു. നായര്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
സൈബര്‍ ഡോമിനെ കൂടുതല്‍ കാര്യക്ഷമമാക്കും
സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലിസിന്റെ സൈബര്‍ ഡോം സംവിധാനത്തിന്റെ അംഗബലം വര്‍ധിപ്പിച്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സൈബര്‍ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താനാണു ലക്ഷ്യമിടുന്നതെന്നും വരുംദിവസങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.