District News
വിതുര: പുതുവർഷത്തെ വരവേൽക്കാൻ പൊന്മുടി ഒരുങ്ങി. ക്രിസ്മസ് അവധിക്കാലം തുടങ്ങിയതു മുതൽ പതിനായിരങ്ങളാണ് പൊന്മുടിമല കയറിയെത്തിയത്. ആയിരക്കണക്കിന് വാഹനങ്ങളും എത്തി. ഈ സീസണിൽ 15 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചതായാണു വിവരം.
ഗോൾഡൻ വാലി, മീൻമുട്ടി വെള്ളച്ചാട്ടങ്ങളിലും ഒട്ടേറെ സഞ്ചാരികൾ എത്തി. കല്ലാർ ഉൾപ്പെടെയുള്ള വിവിധ കടവുകളിലും കമ്പിമൂടിനു സമീപത്തെ ഊശിക്കല്ലിലെ കാഴ്ച മരത്തിനു സമീപവും സഞ്ചാരികൾ തമ്പടിക്കുന്നത് പതിവാണ്. പൊന്മുടിയിലെ നാടൻ ഭക്ഷണ ശാലകളും സജീവമായി. ന്യൂ ഇയർ ദിനത്തിൽ കൂടുതൽ പേരെത്തും എന്നാണ് പ്രതീക്ഷ. സഞ്ചാരികളുടെ തിരക്കുമൂലം പല ദിവസങ്ങളിലും പൊന്മുടി, കല്ലാർ മേഖലകളിൽ ഗതാഗതം തടസപ്പെട്ടു.
കല്ലാർ ചെക്പോസ്റ്റിൽ മൂന്നു കിലോ മീറ്ററോളം ക്യൂ നീണ്ടു. പൊന്മുടി ചെക്പോസ്റ്റിലെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. രാവിലെ എട്ടു മുതൽ വൈകുന്നേരം 4.30 വരെ മാത്രമാണു പൊന്മുടിയില് സഞ്ചാരികളെ അനുവദിക്കുന്നത്. തിരക്ക് ക്രമാതീതമായി വർധിച്ചാൽ എപ്പോൾ വേണമെങ്കിലും പ്രവേശനം നിർത്തിവച്ചേക്കും.
ഡിസംബർ പുലർന്നതു മുതൽ പൊന്മുടിയിലെ കാലാവസ്ഥ സഞ്ചാരികൾക്ക് അനുകൂലമാണ്. മുഴുവൻ സമയവും മഞ്ഞില്ലെങ്കിലും സുഖശീതള കാറ്റ് അനുഭവപ്പെടുന്നുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ‘ക്ലീൻ അപ് ഡ്രൈവ്’ നടന്നതോടെ പൊന്മുടി ഏതാണ്ടു മാലിന്യ മുക്തമാണ്. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള നിർദേശങ്ങൾ വനം വകുപ്പിന്റെ ഭാഗത്തു നിന്നും സഞ്ചാരികൾക്ക് നൽകുന്നുണ്ട്.