Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pookie Video

പൂക്കി വീഡിയോയ്ക്ക് 14 മില്ല്യണ്‍ കാഴ്ചക്കാര്‍; ഫിജിന്‍ മുഖ്യമന്ത്രിയെ കാണാനെത്തും

ചങ്ങരംകുളം (മലപ്പുറം): 14 മില്ല്യണ്‍ കാഴ്ചക്കാരുമായി കേരളം വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഒരു ചിരി വീഡിയോ. പൂക്കി വീഡിയോ എന്ന ടാഗിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കകം ഷെയര്‍ ചെയ്തത്. ഇതോടെ വീഡിയോയ്ക്കു പിന്നിലാരാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയക്ക് ഒപ്പം മാധ്യമങ്ങളും അന്വേഷണം തുടങ്ങി. ഒടുവില്‍ വൈറല്‍ വീഡിയോയുടെ നിര്‍മാതാവിനെ കണ്ടെത്തി.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര മരംവെട്ടിച്ചാല്‍ സ്വദേശി ജമാലുദീന്‍റെ മകന്‍ ഫിജിൻ ആയിരുന്നു ആ വൈറല്‍ വീഡിയോയുടെ സ്രഷ്ടാവ്. മൂന്നു വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തു വരികയാണ് 23കാരനായ ഫിജിന്‍.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഫിജിന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടയിലാണ് പിറകില്‍ നിന്ന ഫിജിന്‍ അപ്രതീക്ഷിതമായി ചോദ്യം ചോദിച്ചത്.

ആ ചോദ്യം, ഉത്തരം

ഇനി മുതല്‍ വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു ഫിജിന്‍റെ ചോദ്യം. ചോദ്യത്തിനു കുട്ടികളോടെന്ന പോലെ വാത്സല്യപൂര്‍വം മുഖ്യമന്ത്രി വി.ഡി. സതീശന്‍ തലയാട്ടി ഒരു ചിരി ചിരിച്ചതാണ് ഫിജിന്‍ പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഇവരുടെ 'നീലക്കുയില്‍' എന്ന ഇന്‍സ്റ്റ പേജില്‍ ഷെയര്‍ ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. ഇവരുടെ വീഡിയോ വിവിധ ഓണ്‍ലൈന്‍ ഫ്‌ളാറ്റ് ഫോമുകളിലൂടെയും കേരളം മുഴുവന്‍ ഓടിനടന്നു.

ട്രോളന്‍മാര്‍ ഏറ്റെടുത്തു വിവിധ ആംഗിളുകളില്‍ ട്രോളുകള്‍ ഇറക്കി. വീഡിയോ മുഖ്യമന്ത്രിയുടെ മൊബൈലിലും എത്തി. പൂക്കികളുടെ മുഖ്യമന്ത്രി എന്ന പേരില്‍ കേരളം മുഴുവന്‍ വൈറലായ വീഡിയോ കണ്ടിരുന്നോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറ്റൊരു ചിരിയിലൂടെ മറുപടി നല്‍കി. കുട്ടികള്‍ ചോദിച്ച ചോദ്യം എന്ന നിലയില്‍ കുട്ടികള്‍ക്കായി മുഖത്ത് കാണിച്ച എക്‌സ്പ്രഷന്‍ ആണ് അവന്‍ എഡിറ്റ് ചെയ്‌തെന്നും പോസിറ്റീവ് ആണെന്നും സന്തോഷമായെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.

വലിയ സന്തോഷത്തിൽ

വീഡിയോ എടുക്കാന്‍ പോയതല്ലെന്നും മുഖ്യമന്ത്രിയായ വി.ഡി. സതീശനെ കാണാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും വളരെ യാദൃച്ഛികമായി മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ ചോദിച്ച ചോദ്യവും അതിനു നല്‍കിയ മറുപടിയുമാണ് വൈറലായതെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഫിജിന്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവര്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രിയെ കാണാൻ വരാമെന്നു പറഞ്ഞതായും മലപ്പുറം സ്വദേശിയായ ഫിജിന്‍ "ദീപിക ഒാൺലൈനി'നോടു പറഞ്ഞു.

Latest News

Corehub Up