കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 44 പേരുടെ ജീവൻ നഷ്ടപ്പെട്ട ബസ് അപകടത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം തടവും രണ്ട് ലക്ഷം പിഴയും വിധിച്ചു. 25 വർഷം മുൻപ് നടന്ന അപകടത്തിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
രാമനാട്ടുകര സ്വദേശി സുധീർകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2001 മാർച്ച് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം പൂക്കിപ്പറമ്പിൽ വച്ച് ബസ് മറ്റൊരു കാറുമായി ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് ബസ് പൂർണമായും കത്തി നശിക്കുകയും യാത്രക്കാർ വെന്ത് മരിക്കുകയുമായിരുന്നു. 44 പേരാണ് അപകടത്തിൽ മരിച്ചത്.
കേസിൽ വിചാരണ കോടതി സുധീർകുമാറിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. അപകടത്തിന് മുൻപ് യാത്രക്കാർ ബസിന്റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതി തയാറായില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.