ഹരിപ്പാട്: കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ താഴെയുള്ള പിഞ്ചു സഹോദരങ്ങൾക്ക് അമ്മയുടെ സ്ഥാനത്തുനിന്ന് പരിചരണം നൽകേണ്ടി വന്ന പതിനൊന്നുകാരിയുടെ ജീവിതം നാടിന്റെ തീരാനോവാകുന്നു. പട്ടിണിയും പോഷകാഹാരക്കുറവുമൂലം കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താമരയുടെയും മകൻ രണ്ടുവയസുകാരൻ രാഹുൽ മരിച്ച വീട്ടിലെ മൂത്ത കുട്ടിയുടെ അവസ്ഥയാണിത്.
സ്കൂളിൽ പോയി അക്ഷരങ്ങൾ പഠിക്കാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ ഉള്ള ഭാഗ്യമില്ലാതെ, അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ താഴെയുള്ള സഹോദരങ്ങളെ വിശപ്പറിയിക്കാതെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഈ പെൺകുട്ടി.
അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിലായ ദിവസങ്ങളിൽ മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളുടെയും കുഞ്ഞുങ്ങളുടെ പരിപാലനത്തിന്റെയും ഭാരം ഈ ബാലികയുടെ ചുമലിലായിരുന്നു. അടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരിയെടുക്കുന്നതും താഴെയുള്ള കുരുന്നുകളുടെ വിശപ്പകറ്റാൻ ശ്രമിക്കുന്നതുമെല്ലാം ഈ കുട്ടിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ അടുപ്പുപുകയാത്ത ദിവസങ്ങളിൽ സുമനസുകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങി താഴെയുള്ള കുഞ്ഞുങ്ങൾക്കു വാരിക്കൊടുത്തതും ഈ കുരുന്നാണ്.
പുലർച്ചെ അനുജൻ അനക്കമില്ലാതെ കിടന്നപ്പോഴും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നത് ഈ പെൺകുട്ടിയാണ്. തണുത്തുവിറങ്ങലിച്ച കുഞ്ഞിന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ വിട്ടുപോയിരുന്നു. ഒടുവിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പിതാവിന്റെ അനാസ്ഥയ്ക്കുമുന്നിൽ, ജീവനറ്റ അനുജന്റെ ശരീരം നെഞ്ചോട് ചേർത്തുപിടിച്ച് ഓട്ടോയിലിരിക്കേണ്ടി വന്നതും ഇതേ പെൺകുട്ടിയാണ്.
ഉത്തരവാദിത്വങ്ങളുടെയും അവഗണനയുടെയും നടുവിലേക്ക് വലിച്ചെറിയപ്പെട്ട ഈ കുട്ടിയെയും മറ്റ് മൂന്ന് സഹോദരിമാരെയും ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.