ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്ബോളാണോ..? കൊളംബിയന്‍ പോപ് സുന്ദരി ഷക്കീറ ഇല്ലാതെന്ത് ലോകകപ്പ്..! അതെ, ‘ഹിപ്സ് ഡോണ്ട് ലയ്’, ’വക്കാ വക്കാ’, ‘ലാ ലാ ലാ’ എന്നീ സൂപ്പര്‍ ഹിറ്റ് ലോകകപ്പ് ഫുട്ബോള്‍ ഗാനങ്ങള്‍ക്കുശേഷം വീണ്ടും ഷക്കീറ എത്തുന്നു.
2026 ലോകകപ്പില്‍ ‘ഡായ്, ഡായ് ’... എന്ന ഗാനവുമായാണ് ഷക്കീറയുടെ വരവ്. വരൂ എന്നര്‍ഥമുള്ള ഇറ്റാലിയന്‍ വാക്കാണ് ഡായ്. ഷക്കീറയ്ക്ക് ഒപ്പം നൈജീരിയന്‍ പോപ് ഗായകന് ബര്ണ ബോയിയും ഡായ്, ഡായില്‍ ഉണ്ട്.
ബ്രസീലിലെ ഇതിഹാസ സ്റ്റേഡിയമായ മാറക്കാനയില്വച്ച് ഷൂട്ട് ചെയ്ത ടീസറിലൂടെ ആയിരുന്നു ഡായ്, ഡായ് ഗാനത്തിന്റെ വരവിനെക്കുറിച്ച് ഷക്കീറ പുറംലോകത്തെ അറിയിച്ചത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂണ്‍ 11 മുതല്‍ ആരംഭിക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാണ് ഷക്കീറയുടെ ഡായ്, ഡായ്.
ഷക്കീറ & ലോകകപ്പ്
ലോകകപ്പ് ഗാനങ്ങളുടെ രാജ്ഞി എന്നാണ് 49കാരിയായ ഷക്കീറ അറിയപ്പെടുന്നത്. ഫിഫ ലോകകപ്പില്‍ ഇതു നാലാം തവണയാണ് ഷക്കീറയുടെ പോപ് സംഗീതം അകമ്പടിയാവുന്നത്. 2006 ജര്‍മന്‍ ലോകകപ്പില്‍ ‘ഹിപ്സ് ഡോണ്ട് ലയ്’ എന്ന സംഗീതം ഇറക്കിയായിരുന്നു രംഗപ്രവേശനം. തുടര്‍ന്ന് 2010 ആഫ്രിക്കന്‍ ലോകകപ്പിലായിരുന്നു ഷക്കീറ തരംഗം സൃഷ്ടിച്ചത്.
‘വക്കാ, വക്കാ’ എന്ന അന്നത്തെ ഗാനം ഇന്നും ഫുട്ബോള്‍ പ്രേമികള്‍ക്കു ഹരംതന്നെ. ‘ഗോള്‍, ഗോള്‍, ഗോള്‍’ എന്ന റിക്കി മാര്‍ട്ടിന്റെ സംഗീതത്തിനുശേഷം ഏറ്റവും കൂടുതല്‍ തരംഗം സൃഷ്ടിച്ച ഫുട്ബോള്‍ ഗാനമായിരുന്നു ‘വക്കാ, വക്കാ’.
2014ല്‍ ’ലാ ലാ ലാ’... എന്ന ഗാനവുമായി ഷക്കീറ എത്തി. എന്നാല്‍, 2018, 2022 ലോകകപ്പുകളില്‍ മൗനം. ഒരു വ്യാഴവട്ടത്തിനുശേഷം വീണ്ടും ഫുട്ബോള്‍ സംഗീതവുമായി ഷക്കീറ എത്തുന്നു എന്നലാണ് 2026ന്റെ പ്രത്യേകത.