കാല്പന്ത് ആരാധകര്ക്കിതു നഷ്ടകാലം... കാറ്റുനിറച്ച പന്തിനെ ഹൃദയത്തില്‍ ആവാഹിക്കാന്‍ പ്രേരിപ്പിച്ചവര്‍ ഒന്നൊന്നായി കൊഴിയുന്ന വര്‍ഷമായി 2026... ഫുട്ബോള്‍ ലോകത്തെ തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം ഇന്നലെ പിടിച്ചുലച്ചു...
“പ്രിയരേ, പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ ഏഴാം നമ്പര്‍ ജഴ്സി തിരികെ നല്‍കാനുള്ള ദിനമെത്തി’’- ഇതായിരുന്നു ആ പ്രഖ്യാപനം. ഫുട്ബോള്‍ ലോകം ഒട്ടും പ്രതീക്ഷിക്കാത്ത, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ രാജ്യാന്തര ജഴ്സി അഴിച്ചുവയ്ക്കുന്നതായി നടത്തിയ പ്രഖ്യാപനം.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു പുറകേ റൊണാള്‍ഡോകൂടി വിരമിച്ചതോടെ കാല്‍പന്തിലെ ഒരു യുഗം പ്രതാപത്തിന്റെ ഓര്മത്താളുകളിലേക്കു മറഞ്ഞു.
റൊണാള്‍ഡോ ഒരു യഥാര്‍ഥ പോരാളിയാണ്. കോച്ചുമായുള്ള ശീതയുദ്ധത്തിനിടെ രാജ്യാന്തര ഫുട്ബോളിനോട് അദ്ദേഹം വിടപറഞ്ഞത് ശരിക്കും ഞെട്ടിച്ചു... രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം (234), ഏറ്റവും കൂടുതല്‍ ഗോള്‍ (146) തുടങ്ങിയ റിക്കാര്‍ഡുകളെല്ലാം ഉള്ളവനാണ് സിആര്‍7.
മാഞ്ചസ്റ്ററിലെ കാലം
പതിനേഴാം വയസില്‍, സ്പോര്‍ട്ടിംഗ് ലിസ്ബണില്‍നിന്ന് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയതാണ് റൊണാള്‍ഡോയുടെ കരിയറിലെ ആദ്യ വഴിത്തിരിവ്. മാഞ്ചസ്റ്ററിന്റെ കോച്ചായിരുന്ന സര് അലക്സ് ഫെര്ഗൂസണ് ആണ് റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ചത്. റൊണാള്‍ഡോയുടെ ഒരു സെക്കന്‍ഡ് ലൈഫിന്റെ തുടക്കം അവിടെയാണ്. ഒരുപാട് നല്ല പ്ലെയേഴ്സ് അതായത്, മാഞ്ചസ്റ്ററിന്റെ നല്ല ടൈമിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററിലേക്ക് വരുന്നത്. മാഞ്ചസ്റ്ററില്‍ റൊണാള്‍ഡോ കാഴ്ചവച്ച മികവാണ് അദ്ദേഹത്തെ പോര്‍ച്ചുഗല്‍ ദേശീയ ടീമിലേക്കും ക്യാപ്റ്റന്സിയിലേക്കുമെല്ലാം എത്തിച്ചതെന്നതും വാസ്തവം.
ചെറിയ പ്രായത്തില്‍തന്നെ ഒരു രാജ്യത്തിന്റെ ക്യാപ്റ്റനായി മാറി (2007ല്‍ ഇരുപത്തിരണ്ടാം വയസില്‍). ഫിഫ ലോകകപ്പ് നേടാന്‍ സാധിച്ചില്ലെന്നതു മാത്രമാണ് റൊണാള്‍ഡോയുടെ കരിയറിലെ ഏക നഷ്ടം. യൂറോപ്പിലെ രണ്ടു സുപ്രധാന ട്രോഫികളും (യുവേഫ യൂറോ കപ്പ് 2016, യുവേഫ നേഷന്‍സ് ലീഗ് 2018-19, 2024-25) പോര്‍ച്ചുഗലിനൊപ്പം റൊണാള്‍ഡോ സ്വന്തമാക്കി. ഫുട്ബോള്‍ ലോകം ഇതുവരെ കണ്ടതില്‍വച്ചേറ്റവും കഠിനാധ്വാനിയായ സൂപ്പര്‍ താരമാണ് റൊണാള്‍ഡോ.
മെസിയോ റൊണാള്‍ഡോയോ..?
വിട്ടൊഴിയാന്‍ മനസില്ലാത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോയെ ഇവിടെവരെ എത്തിച്ചത്. 2003ല്‍ പതിനെട്ടാം വയസില്‍ പോര്‍ച്ചുഗല്‍ ജഴ്സിയില്‍ അരങ്ങേറിയ സിആര്‍7, 23 വര്‍ഷത്തിനുശേഷം 41-ാം വയസില്‍ പോര്‍ച്ചുഗല്‍ ജഴ്സിയോടു വിടപറഞ്ഞു. ആരെയും വകവയ്ക്കാതെ, സ്വന്തം ശൈലി വളര്ത്തിയെടുത്തെന്നതാണ് റൊണാള്‍ഡോയുടെ ഏറ്റവും വലിയ പ്രത്യേകത.
റൊണാള്‍ഡോയും മെസിയും തമ്മിലുള്ള താരതമ്യമായിരുന്നു കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഫുട്ബോള്‍ ലോകത്തിലെ ചൂടേറിയ ചര്‍ച്ചകളിലൊന്ന്. രണ്ടുപേര്‍ക്കും രണ്ടു ശൈലിയാണ്. റൊണാള്‍ഡോയ്ക്ക് പവറും സ്കില്ലുമാണുള്ളത്. മെസിയാണെങ്കില്‍ കളിക്കളത്തില്‍ ഒഴുകിപ്പോകുന്ന താരം. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ ഇരുവരും 13 തവണ നേടി; മെസി എട്ടും റൊണാള്‍ഡോ അഞ്ചും.
ആറു ഫിഫ ലോകകപ്പ്
തുടര്‍ച്ചയായി ആറു ഫിഫ ലോകകപ്പ് കളിച്ച രണ്ടു താരങ്ങളാണ് റൊണാള്‍ഡോയും മെസിയും. 41-ാം വയസിലും റൊണാള്‍ഡോയുടെ പവറും സമര്‍പ്പണവും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. പോര്‍ച്ചുഗല്‍ ടീമിനെ ലോകകപ്പ് ട്രോഫിയില്‍ എത്തിച്ചില്ലെന്നതു മാത്രമാണ് അദ്ദേഹത്തിന് അവകാശപ്പെടാനില്ലാത്തത്. ടീമിനുള്ളിലെ പ്രശ്നങ്ങള്‍ അതിനു കാരണമായി ചൂണ്ടികാണിക്കുന്നവരുണ്ട്. അതൊക്കെ എത്രമാത്രം വാസ്തവമാണെന്ന് അറിയില്ല.
റൊണാള്‍ഡോ എന്ന കളിക്കാരന്റെ ജംപ് ഹെഡര്‍ മാത്രം മതി അദ്ദേഹത്തിന്റെ ക്വാളിറ്റിക്കു തെളിവായി. അത്രയും ഉയരത്തില്‍ മറ്റൊരു താരത്തിനും ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല (2013ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ 2.93 മീറ്റര്‍ ഉയരം).
വിവാദം, വിരാമം
ടീമിനുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയുടെ അപ്രതീക്ഷിത വിരമിക്കല്‍. നിലവിലെ കോച്ച് ഹൊര്‍ഹെ ജെസ്യൂസുമായുള്ള മാനസിക അകലം റൊണാള്‍ഡോയെ കളിക്കളത്തില്നിന്നകറ്റി. ടീമിലുണ്ടായിരുന്ന അവസാന മത്സരത്തില്‍ (2026 സെപ്റ്റംബറില്‍ നോര്‍വെയ്ക്ക് എതിരായ നേഷന്‍സ് ലീഗ് പോരാട്ടം) റൊണാള്‍ഡോയെ കോച്ച് കളത്തില്‍ ഇറക്കിയില്ല. 30 മിനിറ്റ് വാംഅപ്പ് ചെയ്യിച്ചശേഷമായിരുന്നു അത്. ഇതില്‍ പ്രതിഷേധിച്ച് ടീം ക്യാമ്പ് വിട്ട റൊണാള്‍ഡോയ്ക്കെതിരേ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് (എഫ്പിഎഫ്) 30 ദിവസം വിലക്കും 255 യൂറോ ഫൈനും ഇട്ടു. കോച്ച് വാക്കു പാലിച്ചില്ലെന്ന വെളിപ്പെടുത്തലുമായി റൊണാള്‍ഡോ ഇതിനിടെ രംഗത്തെത്തിയിരുന്നു. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനത്തിലേക്കാണ് റൊണാള്‍ഡോയെ ഈ ശീതയുദ്ധം എത്തിച്ചത്. അതില്‍ കണ്ണീരൊഴുക്കാന്‍ മാത്രമേ സിആര്‍7 ആരാധകര്‍ക്കിനി സാധിക്കൂ.
ആയിരം പ്രഫഷണല്‍ ഗോള്‍ എന്ന നാഴികക്കല്ലിലേക്ക് 15 എണ്ണത്തിന്റെ ഹ്രസ്വദൂരം മാത്രമാണ് റൊണാള്‍ഡോയ്ക്കുള്ളത് (1343 മത്സരങ്ങളില്‍നിന്ന് 985 ഗോള്‍). ക്ലബ്ബില്‍ തുടരുന്നതിനാല്‍ 1000 ഗോള്‍ അദ്ദേഹം തികയ്ക്കുമായിരുന്നു. പക്ഷേ, പോര്‍ച്ചുഗല്‍ ജഴ്സിയില്‍ അദ്ദേഹത്തെ ഇനി നമുക്കു കാണാന്‍ സാധിക്കില്ല. അതൊരു വലിയൊരു ഡ്രോബാക്ക് തന്നെയാണ്.
താഴേത്തട്ടില്‍നിന്നാണ് റൊണാള്‍ഡോ ഉയര്‍ന്നുവന്നത്. വന്ന വഴി മറിക്കാതെ, ആരാലും ശ്രദ്ധിക്കാത്ത നിരവധി ചാരിറ്റികള്‍ അദ്ദേഹം ചെയ്യുന്നുമുണ്ട്. മെസിക്ക് അച്ഛനാണെങ്കില്‍ റൊണാള്‍ഡോയ്ക്ക് അമ്മയാണ് എല്ലാം.