Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Portugals

പോർച്ചുഗലിന്‍റെ സ്വപ്നങ്ങളെ നയിച്ച CR7

ലിസ്ബൺ: ഫുട്ബോൾ ലോകം അതുവരെ കണ്ടിട്ടില്ലാത്തത്ര തീക്ഷ്ണമായ പോരാട്ടവീര്യവും അസാധാരണമായ കഠിനാധ്വാനവും കൊണ്ട് പോർച്ചുഗീസ് ഫുട്ബോളിന്‍റെ ചരിത്രം മാറ്റിയെഴുതിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ മൈതാനത്തോട് വിടപറഞ്ഞിരിക്കുന്നു.

കളിക്കളത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ, പോർച്ചുഗലിന്‍റെ ഓരോ സ്വപ്നത്തിനും പിന്നിൽ കളം നിറഞ്ഞുനിന്ന ആ ഏഴാം നമ്പർ ജേഴ്സി ഇനി ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്.

പോർച്ചുഗില്ലിലെ മദീരയിൽനിന്നും ലോകത്തിന്‍റെ നെറുകയിലേക്ക് പന്ത് തട്ടി കയറിയ ആ പയ്യൻ, ഒരു രാജ്യത്തിന്‍റെ മുഴുവൻ പ്രതീക്ഷകളെയും ചുമലിലേറ്റിയാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. 2003-ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച അന്ന് മുതൽ റൊണാൾഡോ പോർച്ചുഗലിന് വെറുമൊരു കളിക്കാരൻ മാത്രമല്ലായിരുന്നു. അവർക്ക് അതൊരു വിശ്വാസമായിരുന്നു.

പോർച്ചുഗീസ് ഫുട്ബോളിന്‍റെ ചരിത്രത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ കിരീടങ്ങൾ നേടാനാവാതെ വിഷമിച്ച ഒരു കാലഘട്ടത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ വരവ്. ആ നിരാശയെ തന്‍റെ ഗോളുകൾ കൊണ്ടും നായകമികവ് കൊണ്ടും റൊണാൾഡോ മാറ്റിമറിച്ചു.

2016-ൽ ഫ്രാൻസിനെ തോൽപ്പിച്ച് പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയും, തുടർന്ന് 2019ലും 2025ലും യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിച്ചും അവൻ തന്‍റെ രാജ്യത്തിന് ഫുട്ബോളിലെ എക്കാലത്തെയും വലിയ സമ്മാനങ്ങൾ നൽകി.

പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടി പുരുഷ ഫുട്ബോളിലെ എക്കാലത്തെയും വലിയ അന്താരാഷ്ട്ര ഗോൾവേട്ടക്കാരനായിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.

ഗോളുകളിലൂടെയും റിക്കോർഡുകളിലൂടെയും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച റൊണൾഡോ, ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിലാണ് മായാത്ത മുദ്ര പതിപ്പിച്ചതാണ് മടങ്ങുന്നത്.

കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും പര്യായമായിരുന്ന ഈ പോർച്ചുഗീസ് സൂപ്പർതാരം കളിത്തോഴർക്കും യുവതാരങ്ങൾക്കും ഒരുപോലെ വലിയ പ്രചോദനമായിരുന്നു. കളിക്കളത്തിൽ ഇനിയദ്ദേത്തിന്‍റെ സാന്നിധ്യം ഉണ്ടാകില്ലെങ്കിലും, ഫുട്ബോൾ ചരിത്രമുള്ളിടത്തോളം CR7 ആരാധകരുടെ മനസിൽ എന്നും ജ്വലിച്ചുനിൽക്കും.

Latest News

Corehub Up