റിയാദ്: സൗദി പ്രൊ ലീഗില്‍ ബോയ്കോട്ട് നടത്തുകയായിരുന്ന അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ ശാന്തനായെന്നു റിപ്പോര്‍ട്ട്.
സൗദി പ്രൊ ലീഗില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍നിന്നു വിട്ടുനിന്ന സിആര്‍7 ക്ലബ്ബിന്റെ അടുത്ത പോരാട്ടത്തില്‍ കളത്തിലെത്തുമെന്നാണ് വിവരം. 41കാരനായ റൊണാള്‍ഡോ അല്‍ എത്തിഹാസ് എഫ്സി, അല്‍ റിയാദ് ടീമുകള്‍ക്ക് എതിരായ മത്സരങ്ങളില്‍ ഇറങ്ങിയിരുന്നില്ല.
14ന് അല്‍ ഫത്തേഹ് എഫ്സിക്ക് എതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുമെന്ന് ഇഎസ്പിഎന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഇന്ന് തുര്ക്ക്മെനിസ്ഥാനില്നിന്നുള്ള എഫ്കെ അര്ക്കാഡാഗിനെതിരേ അല്‍ നസര്‍ ഇറങ്ങുന്നുണ്ട്.
സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നതിനാലായിരുന്നു റൊണാള്‍ഡോ പ്രതിഷേധിച്ച് മത്സരങ്ങളില്‍നിന്നു വിട്ടുനിന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അല്‍ നസര്‍ എഫ്സിക്കു വമ്പന്‍ സൈനിംഗുകള്‍ ഇല്ലായിരുന്നു.
അതേസമയം, 2025-26 ലീഗ് കിരീട പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ നസര്‍ എഫ്സിക്കു (49 പോയിന്റ്) തൊട്ടു മുന്നിലുള്ള അല്‍ ഹിലാല്‍ എഫ്സി (50 പോയിന്റ്) ഫ്രഞ്ച് താരം കരിം ബെന്‍സെമയെ ജനുവരി വിന്‍ഡോയിലൂടെ സ്വന്തമാക്കി.