മുംബൈ: എൻസിപിയിലെ ഇരുവിഭാഗങ്ങളുടെയും ലയനത്തിനുള്ള നീക്കം സജീവമായി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലുള്ള എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഇന്നലെ അജിത് പവാർപക്ഷത്തെ പ്രമുഖ നേതാവ് പ്രഫുൽ പട്ടേൽ സന്ദർശിച്ചതാണ് ലയനനീക്കത്തെക്കുറിച്ചുള്ള അഭ്യൂഹം ശക്തമാകാൻ കാരണം. നവംബർ പത്തിനു ശേഷം യോഗം ചേരുന്നതിനെക്കുറിച്ച് പവാറും പട്ടേലും ചർച്ച നടത്തി.
അജിത് പവാർ ജീവിച്ചിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരി 12ന് രണ്ടു വിഭാഗങ്ങളുടെയും ലയനം നടക്കുമായിരുന്നുവെന്ന് എൻസിപി (അജിത്) സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കറെ ഇന്നലെ പറഞ്ഞു. ഈ വർഷം ജനുവരി 28നാണ് അജിത് പവാർ വിമാനാപകടത്തിൽ മരിച്ചത്. തുടർന്ന് അജിത്തിന്റെ ഭാര്യ സുനേത്ര പാർട്ടി നേതൃത്വം ഏറ്റെടുത്തു.
കഴിഞ്ഞ ഞായറാഴ്ച മുതിർന്ന എൻസിപി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുനേത്രയെയും മക്കളായ പാർഥ്, ജയ് എന്നിവരെയും ഒഴിവാക്കിയായിരുന്നു എൻസിപി നേതാക്കൾ ഡൽഹിയിൽ ചർച്ച നടത്തിയത്. പാർഥ് പവാർ പാർട്ടിയിൽ പിടിമുറുക്കുന്നതിനെതിരേ എൻസിപി നേതൃത്വത്തിൽ അതൃപ്തിയുണ്ട്.
പ്രഫുൽ പട്ടേലിനു പുറമേ വ്യവസായി ഗൗതം അദാനി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത് തുടങ്ങിയ പ്രമുഖരും ഇന്നലെ ശരദ് പവാറിനെ ആശുപത്രിയിൽ സന്ദർശിച്ചു.
ശരദ് പവാറും പ്രഫുൽ പട്ടേലുംകൂടിക്കാഴ്ച നടത്തിയത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ സൂചനയാണെന്ന് ശിവസേനാ നേതാവും സംസ്ഥാന മന്ത്രിയുമായ സഞ്ജയ് ഷിർസാത് പറഞ്ഞു.
ശരദ്പവാർ ഇന്ന് ആശുപത്രി വിടും
മുംബൈ: ശ്വാസകോശ അണുബാധയെത്തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻസിപി (എസ്പി) അധ്യക്ഷൻ ശരദ്പവാർ ഇന്ന് ആശുപത്രി വിടും. ഈ മാസം ആദ്യം പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പവാർ ചികിത്സ തേടിയിരുന്നു. വീട്ടിലെത്തിയശേഷം അസുഖം മൂർച്ഛിച്ചതോടെ മുംബൈ ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, തൃണമൂൽ അധ്യക്ഷ മമത ഉൾപ്പെടെ പ്രമുഖർ 85 കാരനായ നേതാവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു.