ചാലക്കുടി: ജീവിതപ്രതിസന്ധികളിൽ ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയംകൂടാതെ ജീവിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കൺവൻഷന്റെ രണ്ടാംദിവസമായ ഇന്നലെ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.
സുവിശേഷത്തിൽ കൂടുതൽതവണ പറയുന്നത് ഭയപ്പെടേണ്ട എന്ന വചനമാണ്. വിശ്വാസമുള്ളവർ ജീവിതത്തിലെ കുരിശുകളെ ഭയപ്പെടില്ലെന്നും കുരിശെടുക്കുമ്പോൾ ദൈവം കൂടെ ഉണ്ടാകണമേ എന്ന പ്രാർഥനയാണ് വേണ്ടതെന്നും ആർച്ച്ബിഷപ് തുടർന്നുപറഞ്ഞു.
ഫാ. ഷിജൊ നെറ്റിയാങ്കൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ എന്നിവർ വചനശുശൂഷ നയിച്ചു. ആരാധനയ്ക്കു ഫാ. മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകി.