തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. വർധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് സംസ്ഥാനത്തെ മഴയുടെ കുറവും.
വരുംദിവസങ്ങളിലും കാര്യമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നതും. ഇതെല്ലാം പ്രതിസന്ധി അതിരൂക്ഷമാകും. സോളാർ പദ്ധതിയെ ആശ്രയിക്കാൻ സാധിക്കാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. പകൽ ലഭ്യമാകുന്ന വൈദ്യുതി സംഭരിക്കാനുള്ള ശേഷി ഇല്ലാത്തതും പ്രതിസന്ധിക്കു കാരണമാകുന്നു.
വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. മുൻവർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം കൂടുകയും ഉത്പാദനം കുറയുകയും ചെയ്തിട്ടുണ്ട്.
2025 ജൂലൈ മാസത്തിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നെങ്കിൽ, 2026 ജൂലൈ മാസത്തിൽ അത് 4600-4800 മെഗാവാട്ട് ആയി ഉയർന്നു. മുൻവർഷത്തേക്കാൾ 700 -1000 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2025 ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ, 2026 ജൂലൈയിൽ അത് 78 ദശലക്ഷം യൂണിറ്റ് ആയി വർധിച്ചു.
2025 ജൂലൈയിൽ ആഭ്യന്തര ജലവൈദ്യുതി ഉത്പാദനം 45 ദശലക്ഷം യൂണിറ്റ് ആയിരുന്നപ്പോൾ, 2026 ജൂലൈയിൽ അത് വെറും 14-17 ദശലക്ഷം യൂണിറ്റ് മാത്രമായി കുറഞ്ഞു. അണക്കെട്ടുകളിലെ ജലം 2025 ജൂലൈയിൽ 60 ശതമാനം ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂലൈയിൽ അത് 28ശതമാനം മാത്രമാണ്. ഇടുക്കി ജില്ലയിൽ മാത്രം മഴലഭ്യതയിൽ 55ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ 29 ശതമാനം ജലം മാത്രമാണുള്ളത്. കാലവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മഴ കാര്യമായി ലഭിക്കാത്തതു വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം ശരാശരി 52.4 ശതമാനം ജലം അണക്കെട്ടുകളിൽ ഉണ്ടായിരുന്നു.