പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശിക്കു ജീവപര്യന്തം കഠിനതടവ്. പ്രകാശ് സിംഗി (36)നെയാണു പറവൂർ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയുമടയ്ക്കണം.
2019 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തരാഖണ്ഡ് സ്വദേശിതന്നെയായ രവീന്ദ്ര സിംഗാണു കൊല്ലപ്പെട്ടത്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിയേലിയിലുള്ള റസ്റ്ററന്റിൽ ജോലിക്കാരായിരുന്നു ഇരുവരും.
റസ്റ്ററന്റ് ഉടമയിൽനിന്ന് പ്രകാശ് സിംഗ് അമിതമായി പണം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്ര സിംഗ് ഉടമയോടു പ്രകാശിന് ഇങ്ങനെ പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രവീന്ദ്ര സിംഗിനെ വിറകുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുറുപ്പംപടി എസ്എച്ച്ഒയായിരുന്ന കെ.ആർ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.