റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ എറണാകുളം ജില്ലാതല വിതരണം നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹരായ 232 വിദ്യാർഥികൾക്കാണ് കേളി ക്യാഷ് അവാർഡും ഫലകവും സമ്മാനിക്കുന്നത്.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്. സതീഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന്റെ പ്രതീക്ഷ വിദ്യാർഥികളിലാണെന്നും ‘പ്രതീക്ഷ’ എന്ന പേര് പുരസ്കാരത്തിന് നൽകിയ കേളിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേളി സൈബർ വിംഗ് മുൻ കൺവീനർ മഹേഷ് കോടിയത്ത് സ്വാഗതം ആശംസിച്ചു. കേളി ന്യൂ സനയ്യ രക്ഷാധികാരി സമിതി മുൻ അംഗം ഷമീർ ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി.ഇ. നാസർ, പ്രസിഡന്റ് പി.എൻ. ദേവാനന്ദ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് രതു കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു.