കോട്ടയം: കാലാവസ്ഥാവ്യതിയാനവും എൽ നിനോ പ്രതിഭാസവും മൂലം സംസ്ഥാനത്തു ഡെങ്കിപ്പനി ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തിൽ, രോഗവ്യാപനം മാസങ്ങൾക്കുമുമ്പേ പ്രവചിക്കാനാകുന്ന സാങ്കേതിക മാതൃകയുമായി ഗവേഷകർ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജിയിലെ (ഐഐടിഎം) ഡോ. റോക്സി മാത്യു കോൾ, സോഫിയ യാക്കോബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ. പഠനറിപ്പോർട്ട് ‘ജിയോഹെൽത്ത്’ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂന ഐസിഎംആർ-എൻഐടിവിഎആർ, കേരള ആരോഗ്യ സർവകലാശാല, തൃശൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരും ഈ ദൗത്യത്തിൽ പങ്കാളികളായി.
പഠനമനുസരിച്ച് വേനൽക്കാലത്തെ അന്തരീക്ഷ ആർദ്രതയും പകൽ-രാത്രി താപനില വ്യത്യാസവും വിശകലനം ചെയ്ത് അഞ്ചു മാസം മുമ്പ് വരെ ഡെങ്കിപ്പനി സാധ്യത അറിയാം. താപനിലയും എൽ നിനോ സാഹചര്യങ്ങളും 2-3 മാസം മുമ്പും മുന്നറിയിപ്പ് നൽകും.
ഗവേഷകർ വികസിപ്പിച്ച ഡെങ്കിപ്പനി പ്രവചന മാതൃകയ്ക്ക് 72ശതമാനം കൃത്യതയോടെ രോഗവ്യാപന വ്യതിയാനങ്ങൾ കണ്ടെത്താൻ സാധിച്ചു.
2026 ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ 7,188 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. ഇത് കഴിഞ്ഞ പത്തു വർഷത്തെ (2016-2025) ഇതേ കാലയളവിലെ ശരാശരിയേക്കാൾ 60 ശതമാനവും, 2006-2015 കാലയളവിനേക്കാൾ അഞ്ചുമടങ്ങിലധികവും കൂടുതലാണ്.
അനുകൂല കാലാവസ്ഥയും എൽ നിനോയും
മൺസൂണിനു മുമ്പുള്ള പരമാവധി താപനില 30.5–32.5 ഡിഗ്രി സെൽഷ്യസ്, ആപേക്ഷിക ആർദ്രത 66–79ശതമാനം, അതിനുശേഷം ലഭിക്കുന്ന 180–450 മില്ലിമീറ്റർ മൺസൂൺ മഴ എന്നിവ കൊതുകുജന്യ രോഗവ്യാപനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ്.
എൽനിനോ പ്രതിഭാസം വേനൽച്ചൂട് വർധിപ്പിക്കുകയും തുടർന്നുള്ള മൺസൂൺ കാലത്ത് രോഗഭീഷണി കൂട്ടുകയും ചെയ്യുന്നു. എന്നാൽ, തീവ്രമായ മഴ കൊതുകിന്റെ ലാർവകളെ ഒഴുക്കിക്കളയുന്നതിനാൽ രോഗവ്യാപനം താത്കാലികമായി കുറയാൻ ഇടയാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മുൻകൂട്ടിയുള്ള ഈ കാലാവസ്ഥാ പ്രവചനമാതൃക ഉപയോഗിച്ച് ആരോഗ്യവകുപ്പിന് പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തേ പ്ലാൻ ചെയ്യാനും രോഗവ്യാപനം തടയാനും സാധിക്കും.