ന്യൂഡൽഹി: ഒബിസി ക്രീമിലെയർ നിർണയത്തിൽ മാതാപിതാക്കളുടെ ശമ്പളവും വരുമാനവും കണക്കാക്കുന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് മുൻകാലപ്രാബല്യത്തോടെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
സാമ്പത്തികമാനദണ്ഡം മാത്രം പരിശോധിക്കരുതെന്നും മാതാപിതാക്കളുടെ തസ്തികയുടെ പദവികൂടി കണക്കിലെടുത്തു വേണം ക്രീമിലെയർ നിശ്ചയിക്കാനെന്നുമായിരുന്നു മാർച്ച് 11ലെ സുപ്രീംകോടതി ഉത്തരവ്.
എന്നാൽ ഈ വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് 2016 മുതലുള്ള 3.7 ലക്ഷത്തിലധികം വരുന്ന ഒബിസി കേന്ദ്രസർക്കാർ നിയമനങ്ങളെയും 18 സംസ്ഥാനങ്ങളിലെ വിവിധ പരീക്ഷകളെയും ഉന്നതവിദ്യാഭ്യാസ പ്രവേശനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
ബാങ്ക്, റെയിൽവേ, പോസ്റ്റൽ, പാരാമിലിട്ടറി വിഭാഗങ്ങളിൽ ലക്ഷക്കണക്കിന് പുതിയ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുമെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു. അതിനാൽ നിർദിഷ്ട നയരൂപീകരണം ഉണ്ടാകുന്നതുവരെ 2025, 2026 സിവിൽ സർവീസ് പരീക്ഷകൾ പഴയ രീതിയിൽത്തന്നെ തുടരാൻ അനുവദിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തത വരുത്തണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.
2026 മാർച്ച് ആറിന് സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനുശേഷമാണ് ക്രീമിലെയർ നിർണയത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി വരുന്നത്.
പുതിയ വിധി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പഴയ നിയമങ്ങൾ പിന്തുടർന്ന ഉദ്യോഗാർഥികൾക്ക് തുല്യനീതി നിഷേധിക്കപ്പെടുമെന്നും ഈമാസം അവസാനം മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ ആരംഭിക്കേണ്ട പരിശീലന കോഴ്സുകളെയും ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയെയും ഇതു പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.