എടക്കര: നാടുകാണിച്ചുരത്തിൽ നിലനിൽക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്, വനംസേനകൾ രംഗത്ത്.
ഇരുവിഭാഗം സേനകളും ആനമറി മുതൽ നാടുകാണി അതിർത്തി വരെയുള്ള അന്തർ സംസ്ഥാന പാതയിൽ രാപകൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന യാത്രികരും മനോഹരമായ ചുരംപാതയിൽ വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കുകയും കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യുന്ന പതിവുണ്ട്. അടുത്തിടയായി വന്യമൃഗശല്യം വ്യാപകമായതിനാൽ ചുരംപാതയിൽ വാഹനങ്ങൾ നിർത്തുന്നതും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും വനം പോലീസ് സേനകൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലും സഞ്ചാരികൾ ഇവിടെ വാഹനങ്ങൾ നിർത്തുന്നത് പതിവാണ്. നിലവിൽ ആനത്താരകൾ മുറിച്ചാണ് ദേശീയപാതയായ നാടുകാണി ചുരംപാത നിർമിച്ചിരിക്കുന്നത്. ഇക്കാരണത്താൽ ആനക്കൂട്ടങ്ങളുടെ സാന്നിധ്യം ചുരംപാതയിലുണ്ട്. ഇതിനു പുറമേ കടുവ, പുലി എന്നിവയുടെ സാന്നിധ്യവും ജൈവവൈവിധ്യ മേഖലയായ നാടുകാണി വനമേഖലയിലുണ്ട്.
കഴിഞ്ഞ ദിവസം ജാറത്തിന് സമീപം പാതയോരത്ത് കടുവ കാട്ടാനയെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സേനകളുടെ പട്രോളിംഗ് ശക്തമാക്കിയത്.
ജാറം, തകരപ്പാടി എന്നീ ഭാഗങ്ങളിൽ കടുവകളുടെ സ്ഥിര സാന്നിധ്യം നിലനിൽക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുന്പ് ജാറത്തിന് സമീപത്ത് പകൽസമയം കടുവ ചുരംപാത മുറിച്ചുകടക്കുന്നത് ജാറം പരിപാലിക്കുന്നയാൾ കണ്ടിരുന്നു. ഇതിന് തൊട്ടടുത്തായുള്ള ഉള്ളിപ്പാറ വനഭാഗത്തെ ചെക്ക്ഡാമിൽ കടുവകൾ സ്ഥിരമായി വെള്ളം കുടിക്കാനെത്താറുണ്ടെന്ന് വനം ജീവനക്കാർ പറഞ്ഞു.
അടുത്തിടെ നടന്ന കുടവകളുടെ കണക്കെടുപ്പിലും നാടുകാണി വനമേഖലയിൽ കടുവകളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. യാത്രക്കാർ സുരക്ഷിതരാകണമെങ്കിൽ വനം, പോലീസ് സേനകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.