കൊല്ലം: 21ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളി പന്ത്രണ്ടാം എഡിഷന്റെയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെയും പ്രചരണാർഥം കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബഡി, വടംവലി മത്സരങ്ങളുടെ ഉദ്ഘാടനം വിഷ്ണു മോഹൻ എംഎൽഎ നിർവഹിച്ചു.
വള്ളംകളിയുടെ മുഴുവൻ ആവേശവും ജില്ലയിലാണ്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 18,19,20 തീയതികളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാശിയേറിയ കബഡി മത്സരത്തിൽ വനിതാ വിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ ടീമിനെ മൂന്ന് പോയിന്റുകൾക്ക് പരാജയപ്പെടുത്തി എംഎൽഎ ടീമും പുരുഷ വിഭാഗത്തിൽ എംപി ടീമിനെ നാല് പോയിന്റുകൾക്ക് പരാജയപ്പെടുത്തി മേയർ ടീമും ജേതാക്കളായി. വടംവലി മത്സരത്തിൽ സ്പോർട്സ് കൗൺസിൽ ടീമിനെ പരാജയപ്പെടുത്തി ഫയർഫോഴ്സ് ടീം വിജയം സ്വന്തമാക്കി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അധ്യക്ഷനായി. സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻമാരായ കുരുവിള ജോസഫ്, ബിജു പാരിപ്പള്ളി, എ കെ ജോഹർ, സുഭാഷ് പുളിക്കൽ, കൺവീനർ ലിബു ബാബു, ജോയിന്റ് കൺവീനർമാരായ കെ. രാധാകൃഷ്ണൻ, നാസർ, അഡ്വ. തൃദീപ്, ജില്ലാ സ്പോർട്സ് ഓഫിസർ സതീഷ്, പരിശീലകരായ ജയകുമാർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.