കാലമിത്ര കഴിഞ്ഞിട്ടും ശാന്തസന്ധ്യാംബരത്തിൽ തെളിഞ്ഞ പത്മദളങ്ങൾപോലെ രണ്ട് അഭ്രകാവ്യങ്ങൾ ഇപ്പോഴും മനസിൽനിന്ന് മാഞ്ഞുപോയിട്ടില്ല. പൊതുവേ, ഇരുളിൽ വെളിച്ചത്തിന്റെ ജാലവിദ്യ കാണിക്കുന്ന ചലച്ചിത്രങ്ങളോട് പണ്ടേക്കു പണ്ടേ ഒരിഷ്ടമില്ല. എങ്കിലും ചിലത് കണ്ടിരുന്നു.
ചില ക്ലാസിക്കുകൾ. ചില തുടക്കങ്ങൾ. മഹാസംഭ്രമങ്ങൾ. വൃദ്ധിക്ഷയങ്ങൾ. അതിനപ്പുറമോ ഇപ്പുറമോ എന്റെ അന്തർദാഹത്തെ ശമിപ്പിക്കാനായി അതിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ശരാശരിക്കും ഒരുപാടു താഴെയായിരുന്നു എന്റെ ചലച്ചിത്രാസ്വാദന നിലവാരം. പക്ഷേ, എന്റെ പ്രജ്ഞയിൽ പ്രണയത്തിന്റെ ഏഴുനിറങ്ങൾ ചാലിച്ച രണ്ട് അഭ്രകാവ്യങ്ങൾ ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും കണ്ടു മുഷിയാത്ത പ്രണയദിഗംബരങ്ങൾ.
ബഷീർ പറയുംപോലെ, പ്രപഞ്ചമേ നിന്റെ അദ്ഭുതങ്ങൾ പൂർണമായി ഉൾക്കൊള്ളാനാകാത്ത ഒരു ചെറുജീവിയാണ് ഞാനും. എന്നിട്ടും ഞാനെന്തിനാണ് പ്രപഞ്ചത്തിൻ മഹാനടനലീല കണ്ട് അദ്ഭുതംകൊള്ളുന്നത്? എന്നിലെ സാധകൻ എന്തിനാണ് അനാദ്യന്ത രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്? ഒന്നിന്റെയും ഉത്തരമെനിക്കറിയില്ല. ഉത്തരങ്ങളൊക്കെ പുറത്തുവച്ചു ഞാൻ ഇരുളിലിരുന്ന് ബഷീറിന്റെ (അടൂരിന്റെയും) മതിലുകൾ കാണുകയാണ്. അല്ല; ഒരു പ്രണയവിരഹത്തിന്റെ ശോകഗാനം കേൾക്കുകയാണ്.
നീലവെളിച്ചം വീണുകിടക്കുന്ന ഏകാന്തതയുടെ അപാരതീരം മതിലുകളിലില്ലെങ്കിലും ഒരു ശോകനാശിനി കന്മതിലുകൾക്കിടയിലൂടെ ഒഴുകുന്നുണ്ട്. ആ ഒഴുക്കിന് കാഴ്ചയുടേതിനേക്കാളുപരി ഗന്ധത്തിന്റെ സ്പർശംകൂടിയുണ്ട്. ഒരു പെണ്ണിന്റെ മണം. ജയിൽ വാർഡനൊപ്പം പതിനെട്ടാമത്തെ രാഷ്ട്രീയ തടവുകാരനായി സെല്ലിലേക്കു പോകുമ്പോഴാണ് ബഷീർ ആ മണം ആദ്യമായി അനുഭവിക്കുന്നത്. മണം മാത്രമല്ല, പെണ്ണിന്റെ ചിരിയും ബഷീറിനെ ഉന്മത്തനാക്കുന്നു. മതിലിനപ്പുറത്തെ പെൺജയിൽ അങ്ങനെ ബഷീറിന്റെ ചിത്തത്തെ ഭ്രമിപ്പിക്കുന്നു. ഇതിനിടയിൽ പെൺജയിലിലെ നാരായണിയുമായി ബഷീർ അനുരാഗത്തിലാകുന്നു. പിന്നീടുള്ള ബഷീറിന്റെ നിമിഷങ്ങൾ അനുരാഗത്തിന്റെ ദിനങ്ങളാകുന്നു.
മതിലുകളിലെ സംഗീതം ഒരു ചൂളംവിളിയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പച്ചക്കറിത്തോട്ടത്തിലൂടെ ബഷീർ ചൂളംവിളിച്ചു നടക്കുമ്പോഴാണ് മതിലിനപ്പുറം നിന്ന് ഒരു പെണ്ണ് വിളിച്ചുചോദിക്കുന്നത്. ബഷീർ പേരു പറയുന്നു. അപ്പുറത്തുനിന്ന് പെണ്ണ് പറയുന്നു, എന്റെ പേര് നാരായണി. എനിക്ക് ഇരുപത്തിരണ്ട് വയസാണ്... എന്ന്. ആ പരിചയപ്പെടൽ മിണ്ടിപ്പറയലുകളായി മാറുന്നു. മിണ്ടിമിണ്ടി ഇരുവരും അനുരാഗികളായി മാറുന്നു. ഒരു ദിവസം നാരായണി ബഷീറിനോട് ഒരു റോസാച്ചെടി ആവശ്യപ്പെടുമ്പോൾ അദ്ദേഹം പൂന്തോട്ടത്തിലെ ഏറ്റവും നല്ലൊരു റോസാച്ചെടിയെടുത്ത് മതിലിനപ്പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയും അതെങ്ങനെ ഭംഗിയായി നടണമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.
നാരായണിയുമായി അനുരാഗത്തിലായ ബഷീറിൽ ചെറുതല്ലാത്ത മാറ്റങ്ങൾ പതിയെ വന്നുതുടങ്ങുകയാണ്. മഴയും കാറ്റും ഇടിമിന്നലുമുള്ള ഒരു രാത്രിയിൽ ജയിൽ ചാടാൻ പദ്ധതിയിട്ടു കാത്തിരുന്ന ബഷീറിൽ വരുന്ന മാറ്റങ്ങൾ ബഷീറിന്റെ തൂലികയും മങ്കട രവിവർമയുടെ കാമറയും ഒരേ മനസോടെയാണ് ഒപ്പിയെടുക്കുന്നത്. അതുവരെയും ബഷീർ ശ്രദ്ധിക്കാതിരുന്ന കിളികളുടെ ചലപില ശബ്ദം അദ്ദേഹത്തിന് സംഗീതമായി അനുഭവപ്പെടുന്നു. അഴുക്കു പുരണ്ട് കൽമതിലിൽ നാരായണിയെ ഓർത്തു ബഷീർ ചുംബിക്കുന്നു. പ്രണയസാന്നിധ്യമായ കമ്പെറിഞ്ഞു കൈ കുഴഞ്ഞെന്നു പറയുന്ന നാരായണിയുടെ കൈകളെ സങ്കല്പിച്ചുകൊണ്ട് മതിലിൽ ബഷീർ മൃദുവായി തടവിക്കൊടുക്കുന്നു. ജയിൽചാട്ടവും ജയിൽമോചനവും നാരായണിയെ ഓർത്ത് ബഷീർ എന്നെന്നേക്കുമായി വേണ്ടെന്നു വയ്ക്കുന്നു.
ഒരിക്കൽ ഇരുവരും ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ പരസ്പരം കാണാനുള്ള പദ്ധതിയിടുന്നുണ്ട്. ആശുപത്രിയിൽവച്ച് നമുക്ക് കാണാമെന്നും തന്റെ വലതുകവിളിലെ മറുകാണ് തന്നെ തിരിച്ചറിയാനുള്ള അടയാളമെന്നും നാരായണി പറയുന്നു. എങ്കിൽ എന്റെ കൈവശം ഒരു ചുവന്ന റോസാപ്പൂവ് ഉണ്ടാകുമെന്നാണ് ബഷീർ അടയാളമായി പറയുന്നത്. മതിലുകളെക്കുറിച്ച് ഇത്രയും എഴുതി ഞാൻ പിൻവാങ്ങുന്നു.
മതിലുകൾ ഒരു പൂർണവിരാമത്തിൽ വായിച്ചും കണ്ടും തീർക്കാവുന്ന ഒന്നല്ല. അതൊരു ഒഴുകിപ്പരക്കലാണ്. പ്രണയത്തിന്റെ സ്മാരകം. നിത്യവിരഹത്തിന്റെ സ്മാരകം. എത്ര തവണ ബഷീറിന്റെ മതിലുകളും അടൂരിന്റെ മതിലുകളും വായിച്ചും കണ്ടും തീർത്തു എന്ന് പറയാനാവില്ല. അത് പ്രണയത്താൽ വിശക്കുന്നവർക്കുള്ള അന്നമാണ്. അതു പ്രണയത്താൽ ദാഹിക്കുന്നവർക്കുള്ള രക്തമാണ്. അതിന്റെ വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു. കാലമേ, നിന്നെ ഞാനണിയിക്കുന്ന സിന്ദൂരം അതാണ്.
അഡോണിസിന്റെ ഒരു കവിതയുണ്ട്. "ചില കുടീരങ്ങളിൽ ഉറങ്ങുന്നത് ഒരാളല്ല; രണ്ടുപേരുണ്ടാകും. അത്യഗാധമായി പ്രണയിച്ചിരുന്ന രണ്ടുപേർ’ എന്നാണാ കവിത. നല്ല കോടമഞ്ഞുണ്ടായിരുന്ന രാത്രിയിലാണ് കവിത വായിച്ചതും ബ്രിട്ടീഷ് ചലച്ചിത്രകാരൻ മൈക് ന്യൂവൽസിന്റെ "കോളറാ കാലത്തെ പ്രണയം' കണ്ടതും. മാർക്വിസിനെ പലതവണ വായിച്ചുഴുതിട്ട മനസുമായാണ് ഞാനത് കാണാനിരുന്നത്. എനിക്കറിയാമായിരുന്നു അതിലെ നായകൻ ഫ്ലോറെന്റിനൊ അരിസ ഞാൻതന്നെയാണെന്ന്. അത് മാർക്വിസിനെ വായിച്ച കാലത്തേ തോന്നിയതാണ്. എന്റെ യൗവനവും വാർധക്യവും ഇതിൽ പകർന്നാടുന്നുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഈ രണ്ടു കാലത്തെയും പ്രണയത്തിന് ഒരല്പം മാറ്റംപോലും ഉണ്ടാവുകയുമില്ല. അതല്പം ഏറിനിൽക്കുകയാകും. അതുകൊണ്ടാണ് യൗവനത്തിൽ പ്രണയിച്ചു സ്വന്തമാക്കാൻ കഴിയാതെപോയ ഫെർമിന ഡാസയെ ഒരു മനുഷ്യൻ അമ്പത്തിയൊന്ന് വർഷവും ഒൻപതു മാസവും നാലു ദിവസവും കാത്തിരുന്നത്.
ഒരിറ്റു പ്രണയത്തിനുവേണ്ടി ഇത്ര ദിനദീർഘമാം കാത്തിരിപ്പ് ഭൂമിയിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഇല്ല, ഇല്ല എന്നുതന്നെ ഉറക്കെപ്പറയാം. ഒടുവിൽ ഭർത്താവ് ഡോ. ഉർബിനൊയെ നഷ്ടപ്പെട്ടിരിക്കുന്ന ഫെർമിനയെ തേടി ഫ്ലോറെന്റിനൊ അരിസ അവരുടെ വീട്ടിൽ ചെല്ലുന്നു. ഇത്രയും കാലം ഉള്ളിൽ പവിത്രമായി സൂക്ഷിച്ചിരുന്ന ആഗ്രഹം ഫെർമിനയോട് അയാൾ പറയുന്നു. അവർ അയാളെ ശകാരിച്ച് വീട്ടിൽനിന്ന് പുറത്താക്കുന്നു. അയാൾ പോയിക്കഴിഞ്ഞപ്പോൾ അയച്ച കത്തുകളും ഫോട്ടോയും അവർ എടുത്തുനോക്കുന്നു. ഒടുവിലൊടുവിലെത്തുമ്പോൾ മക്കളെയും കൊച്ചുമക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ച് ഫെർമിന ഡാസ ഫ്ലോറന്റിനൊ അരിസയ്ക്കൊപ്പം വീടുവിട്ടിറങ്ങുന്നു. അവർ മനസും ശരീരവും പങ്കുവയ്ക്കുന്നു.
ആരും തങ്ങളെ ശല്യപ്പെടുത്താതിരിക്കാൻ അവർ യാത്ര ചെയ്യുന്ന ആഡംബരക്കപ്പലിൽ കോളറയുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ മഞ്ഞ പതാകയുയർത്താൻ അയാൾ ക്യാപ്റ്റനോടു പറയുന്നു. ഇനിയെത്ര കാലം ആയുസിൽ ബാക്കിയുണ്ടെന്ന് അവർ ഓർക്കുന്നേയില്ല. അവർ പ്രണയിച്ചു പ്രണയിച്ചു സമുദ്രത്തിൽ ഒഴുകിനടക്കുന്ന ദ്വീപുപോലെ അപ്രത്യക്ഷമാകുകയാണ്. എത്ര അഭിജാത സുന്ദരമായ കാഴ്ചയാണത്. ഞാൻ വീണ്ടുമത് കണ്ടുതുടങ്ങുന്നു.