പൂച്ചാക്കൽ: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കമാകാൻ ഒരുദിവസം മാത്രം ശേഷിക്കെ അയ്യപ്പഭക്തർ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി അണിയുന്ന മുദ്രമാലകൾക്ക് (അയ്യപ്പമാല) വിപണിയിൽ വില വർധിച്ചു. ചെമ്പ് വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലക്കയറ്റവും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും നിർമാണച്ചെലവ് കൂടിയതുമാണ് മാലകളുടെ വില വർധിക്കാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ചെമ്പിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വർധന ലോഹക്കമ്പികളിൽ കോർത്ത മാലകളുടെയും മുദ്രകളുടെയും വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. സാധാരണ നൂലിൽ കോർത്ത തുളസിമാലകൾക്ക് 50 രൂപ മുതൽ വില ആരംഭിക്കുമ്പോൾ ചെമ്പ്-വെള്ളി കമ്പികളിൽ തീർത്തമാലകൾക്കും രുദ്രാക്ഷ-കരിങ്ങാലിമാലകൾക്കും ഇത്തവണ മുൻവർഷത്തേക്കാൾ 15 മുതൽ 25 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്.
വിവിധയിനം മാലകൾ
പരമ്പരാഗതമായി 41 ദിവസത്തെ കഠിനവ്രതം ആരംഭിക്കുന്നതിന്റെ പ്രതീകമായാണ് ഭക്തർ മാല അണിയുന്നത്. പ്രധാനമായും തുളസിമണി, രുദ്രാക്ഷം, കരിങ്ങാലി, ചന്ദനം, സ്ഫടികം എന്നിവ ഉപയോഗിച്ചാണ് മാലകൾ നിർമിക്കുന്നത്. ഉണങ്ങിയ തുളസിച്ചെടിയുടെ തണ്ടുകൾ മുറിച്ചു യന്ത്രസഹായത്തോടെ കടഞ്ഞെടുത്താണ് തുളസിമണികൾ നിർമിക്കുന്നത്. സാത്വിക ഗുണമുള്ള തുളസിമാലയാണ് ഭൂരിഭാഗം ഭക്തരും തെരഞ്ഞെടുക്കുന്നത്.
രുദ്രാക്ഷ മരത്തിന്റെ കായ്കളിൽനിന്നുള്ള കുരുക്കൾ സംസ്കരിച്ചാണ് രുദ്രാക്ഷമാലകൾ തയാറാക്കുന്നത്. 54 അല്ലെങ്കിൽ 108 മണികൾ കോർത്ത മാലകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. തുളസിക്കും രുദ്രാക്ഷത്തിനും പുറമേ കരിങ്ങാലി തടി കടഞ്ഞെടുത്ത മണികൾ, ചന്ദനമണികൾ, കറുത്ത സ്ഫടികം എന്നിവ ഉപയോഗിച്ചുള്ള മാലകളും വിപണിയിൽ ലഭ്യമാണ്.
നിർമാണം കേരളത്തിനു പുറത്ത്
അയ്യപ്പമാലകളുടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണവും നിർമാണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കേരളത്തിലേക്കുള്ള മാലകളുടെ വലിയൊരു പങ്കും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കോയമ്പത്തൂർ, മധുര, കൃഷ്ണഗിരി, തിരുവള്ളൂർ, രാമേശ്വരം എന്നിവിടങ്ങളിലെ കുടിൽവ്യവസായ കേന്ദ്രങ്ങളിലാണ് മണികൾ കടഞ്ഞെടുക്കുന്നതും കമ്പികളിൽ കോർത്ത് മാലകളാക്കുന്നതും. കരിങ്ങാലി, തുളസിമണികളുടെ പ്രധാന നിർമാണകേന്ദ്രങ്ങളും ഇവിടെയാണ്. ശുദ്ധമായ തുളസിമണികൾ ഉത്തർപ്രദേശിലെ വൃന്ദാവൻ, മഥുര, വാരണാസി എന്നിവിടങ്ങളിൽനിന്നാണ് എത്തുന്നത്. രുദ്രാക്ഷം നേപ്പാൾ, ഉത്തരാഖണ്ഡ് (ഹരിദ്വാർ, ഋഷികേശ്) എന്നിവടങ്ങളിൽനിന്ന് സംഭരിച്ച് വിപണിയിലെത്തിക്കുന്നു.
കേരളത്തിൽ തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട (പന്തളം,എരുമേലി) എന്നിവിടങ്ങളിലെ ചെറുകിട നിർമാണ യൂണിറ്റുകളിലും ക്ഷേത്ര പരിസരങ്ങളിലും മണികൾ ഇറക്കുമതി ചെയ്ത് അയ്യപ്പമുദ്രകളും ലോഹക്കമ്പികളും ചേർത്ത് മാലകളാക്കി വിപണിയിലെത്തിക്കുന്നുണ്ട്. മാലകളിൽ അയ്യപ്പസ്വാമിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റ് (മുദ്ര) ഉണ്ടാകും.
പരുത്തിനൂലിൽ കോർത്ത മാലകൾക്ക് പുറമേ, ഈടുനിൽക്കുന്നതിനായി ചെമ്പ്, പിച്ചള, വെള്ളി എന്നിവയുടെ നേർത്ത കമ്പികളിൽ കോർത്ത മാലകളും ചെമ്പ്-വെള്ളി ക്യാപ്പുകൾ പിടിപ്പിച്ച മാലകളും വ്യാപകമായി നിർമിക്കപ്പെടുന്നു. മാലകൾ കോർക്കുന്നതിനും ലോക്കറ്റുകൾ ഘടിപ്പിക്കുന്നതിനുമുള്ള തൊഴിലാളികളുടെ വേതനം വർധിച്ചതും വെള്ളി, പിച്ചള, ചെമ്പ് എന്നിവയിൽ തീർത്ത അയ്യപ്പലോക്കറ്റുകൾക്കും മാലകളിൽ ഉപയോഗിക്കുന്ന കൊളുത്തുകൾക്കും വിപണിയിൽ വില ഉയർന്നതും മാലകളുടെ വിലയിൽ വർധനയ്ക്കു കാരണമായി.
തുളസി, രുദ്രാക്ഷ മാലകൾക്ക് മുൻവർഷത്തേക്കാൾ 20 മുതൽ 50 രൂപ വരെ അധികം നൽകേണ്ടി വരുന്നുണ്ട്.
വെള്ളി, സ്വർണം എന്നിവ കെട്ടിയ രുദ്രാക്ഷമാലകൾക്കും സ്പിക മാലകൾക്കും ലോഹവിലയ്ക്ക് ആനുപാതികമായി വലി വർധനവുണ്ടായിട്ടുണ്ട്. മാലകൾക്ക് പുറമേ ഇരുമുടിക്കെട്ടിനാവശ്യമായ നെയ്ത്തേങ്ങ, കർപ്പൂരം, അവിൽ, മലർ, കറുപ്പ്-നീല മുണ്ടുകൾ എന്നിവ അടങ്ങുന്ന ഇരുമുടിക്കെട്ട് കിറ്റുകൾക്കും വില ഉയർന്നിട്ടുണ്ട്.