പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'ടൈറ്റാൻസ്' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
'വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ' എന്ന ടാഗ്ലൈനോടെയെത്തിയ പോസ്റ്റർ ഒക്ടോബർ ഒന്നിനാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററിലെ കൗതുകകരമായ കാഴ്ചകൾ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ജയസൂര്യയുടെയും വിനായകന്റെയും ലുക്കുകൾക്ക് താഴെയായാണ് ഇന്ദ്രൻസ്, നിഹാൽ എന്നിവരുടെ രൂപങ്ങൾ നൽകിയിരിക്കുന്നത്.
കൂടാതെ ഗൗൺ ധരിച്ച് വലിയ ഗണ്ണുമായി നിൽക്കുന്ന പ്രശസ്ത റാപ്പ് സിംഗർ ബേബി ജീനും അൽപ്പം അകലെ ഗൺ ഉന്നംപിടിച്ചിരിക്കുന്ന ചില ചെറുപ്പക്കാരെയും പോസ്റ്ററിൽ കാണാം.
മുൻപ് മികച്ച വിജയം നേടിയ 'അനുഗ്രഹീതൻ ആന്റണി'ക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ഒരു ഫാന്റസി ഹ്യൂമർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയായത്.
നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസ്സൻ, പ്രദീപ് സി എസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണുശർമ്മ ഛായാഗ്രഹണവും നിർവഹിക്കുന്നു.
ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പിആർഒ വാഴൂർ ജോസാണ്.