തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. കേസിൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല.
തടവുകാരിൽ നിന്നും വാങ്ങിയ പണത്തിന്റെ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഡിസംബര്‍ 17ന് ആയിരുന്നു ജയിൽ ഡിഐജി വിനോദ്കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് കണ്ടെത്തൽ.
നേരത്തെയും വിനോദ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നിട്ടും സർക്കാർ സംരക്ഷിക്കുന്നതായാണ് ആരോപണം. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്.
വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.