ബംഗളൂരു: ഐഎസ്ആർഒ കേന്ദ്രങ്ങളിലെ ജീവനക്കാരുമായി പ്രത്യേക വീഡിയോ കോൺഫ്രൻസ് നടത്തി ചെയർമാൻ വി. നാരായണൻ. ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും പ്രത്യേക സന്ദേശത്തിൽ ചെയർമാൻ വ്യക്തമാക്കി. ഐഎസ്ആർഒ ജീവനക്കാരുടെ സംഘടനകളുടെ കത്തിന് പിന്നാലെയാണ് ചെയർമാന്റെ സന്ദേശം.
തൊഴിൽ നഷ്ടമുണ്ടാകില്ല, ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല എന്നീ ഉറപ്പുകള്‍ നൽകിയ ചെയർമാൻ നാരായണൻ ഐഎസ്ആർഒ സർക്കാർ സംവിധാനമാണെന്നും പ്രധാനമന്ത്രിയുടെ മാർഗനിർദേശമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയെന്നും വ്യക്തമാക്കി. ജീവനക്കാരുടെ തൊഴിൽ മികവിന് സാമ്പത്തികമായി കൂടി പ്രതിഫലം നൽകുന്ന പെർഫോമൻസ് റിലേറ്റഡ് ഇൻസെന്റീവ് സ്കീം തുടരുമെന്നും ചെയർമാൻ ജീവനക്കാർക്ക് വാക്കുനൽകി. ആൾക്ഷാമം പരിഹരിക്കാൻ പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ തുടരുകയാണെന്നും നാരായണൻ വ്യക്തമാക്കി.