തമിഴ് സിനിമാലോകത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. കാമുകനും ദീർഘകാല സുഹൃത്തുമായ രാജ് വേൽ ആണ് വരൻ. കോളജ് കാലത്തെ സൗഹൃദത്തിൽ തുടങ്ങി 14 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കുറച്ചുകാലമായി ലിവിംഗ് റിലേഷനിലായിരുന്ന ഇവർ 2022-ൽ ചെന്നൈയിൽ തങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കിയിരുന്നു. തുടർന്ന് 2024-ലാണ് ഇരുവരും തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഒരു ടിവി ചാനലിൽ വാർത്താ അവതാരകയായി കരിയർ ആരംഭിച്ച പ്രിയ, പിന്നീട് സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2017-ൽ പുറത്തിറങ്ങിയ 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ നായികയായി സിനിമാരംഗത്തേക്ക് ചുവടുവെച്ചു. ചുരുങ്ങിയ കാലംകൊണ്ട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.