തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ മികച്ച പ്രതികരണം. സർവീസ് ആരംഭിച്ചതിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പത്ത് ലക്ഷത്തിലധികം സ്ത്രീകളാണ് യാത്ര ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടന ദിവസത്തേക്കാൾ വൻ ജനത്തിരക്കാണ് രണ്ടാം ദിനത്തിൽ അനുഭവപ്പെട്ടത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര വനിതകൾ പൂർണമായി ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യദിനമായ ഇന്നലെ ഏഴു ലക്ഷത്തിലധികം വനിതാ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. ഇന്നലെ മാത്രം ഒന്നരക്കോടിയിലേറെ രൂപയുടെ സീറോ ടിക്കറ്റു കളാണ് നൽകിയത്.
കെഎസ്ആർടിസി ബസുകളിൽ ആകെ യാത്ര ചെയ്ത 24 ലക്ഷം പേരിൽ 17 ലക്ഷം പേരും ഓർഡിനറി ബസുകളിലാണ് കയറിയത്. ഇതിൽ 40 മുതൽ 50 ശതമാനം വരെ യാത്രക്കാരും വനിതകളായിരുന്നു. ഉദ്ഘാടന ദിവസമായതിനാൽ ഒട്ടനവധി പാർട്ടി പ്രവർത്തകരും ആദ്യയാത്രയുടെ ഭാഗമാകാൻ എത്തിയിരുന്നു.