നിലമ്പൂര്‍: ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എരുമമുണ്ട - അകമ്പാടം - കോഴിക്കോട് മെഡിക്കല്‍ കോളജ് വഴിയുള്ള കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് നിര്‍ത്തിവച്ചു.
രാത്രി എരുമമുണ്ടയിലെത്തുന്ന ബസിലെ ജീവനക്കാരുടെ മുറിവാടക നല്കാന് ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതികള്‍ തയ്യാറാകാത്തതാണ് മലയോര മേഖലയിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്.
ഇതോടെ ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ഏക കെഎസ്ആര്‍ടിസി സര്‍വീസാണ് ഇല്ലാതായത്. രാത്രി എട്ടിന് നിലമ്പൂരില്‍ നിന്ന് എരുമമുണ്ടയിലേക്കും, രാവിലെ 5.10-ന് എരുമമുണ്ടയില്‍ നിന്ന് അകമ്പാടം - നിലമ്പൂര്‍ വഴി കോഴിക്കോട്ടേക്കും ഓടിയിരുന്ന ബസാണിത്. ഇനി മുതല്‍ ഈ സര്‍വീസ് രാവിലെ 5.45-ന് ചന്തക്കുന്നില്‍ നിന്നാകും കോഴിക്കോട്ടേക്ക് പുറപ്പെടുക. പ്രതിമാസം 1000 രൂപ നല്‍കിയാണ് ജീവനക്കാര്‍ ഇവിടെ കഴിഞ്ഞിരുന്നത്. മുന്‍പ് നാട്ടുകാരും പ്രാദേശിക ക്ലബ്ബുകളുമാണ് ഈ തുക നല്‍കിയിരുന്നത്. ഇത് നിലച്ചതോടെ ജീവനക്കാര്‍ സ്വന്തം കൈയില്‍ നിന്ന് പണം നല്‍കേണ്ടി വന്നു. തുടര്‍ന്ന് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ ഡിപ്പോ അധികൃതര്‍ സര്‍വീസ് വെട്ടിച്ചുരുക്കിയത്.
ബസ് സ്റ്റേ ചെയ്യുന്നത് എരുമമുണ്ടയിലായതിനാല് അവിടുത്തുകാര്‍ വാടക നല്കട്ടെ എന്ന ചാലിയാര്‍ പഞ്ചായത്തിന്റെ നിലപാടാണ് സര്‍വീസ് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. താമസസൗകര്യം ഒരുക്കാതിരുന്നാല്‍ സര്‍വീസ് നിര്‍ത്തുമെന്ന് അധികൃതര്‍ നേരത്തെ പഞ്ചായത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദിവസവേതനക്കാര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ജനകീയ സര്‍വീസാണ് അധികൃതരുടെ അലംഭാവം മൂലം മുടങ്ങിയത്. മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് മുടങ്ങാതെ നടന്ന സര്‍വീസാണ് യുഡിഎഫ് ഭരണസമിതികള്‍ക്ക് കീഴില്‍ നിലച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയാല്‍ സര്‍വീസ് പുനരാരംഭിക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ടെങ്കിലും, ബസ് മറ്റേതെങ്കിലും റൂട്ടിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.