സഹർസ (ബിഹാർ): വികസനത്തെക്കുറിച്ച് സംസാരിക്കേണ്ടതിനു പകരം പ്രതിപക്ഷത്തുള്ള നേതാക്കളെല്ലാം രാജ്യത്തെ അപമാനിച്ചുവെന്ന് ആരോപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
അപമാനത്തക്കുറിച്ച് മാത്രം ചിന്തിക്കുന്ന മോദിയുടെ സർക്കാർ അപമാൻ മന്ത്രാലയം എന്ന പേരിൽ ഒരു മന്ത്രാലയം തുടങ്ങുന്നത് നന്നായിരിക്കുമെന്നും പ്രിയങ്ക പരിഹസിച്ചു.
ബിഹാറിലെ സഹർസ, ലഖിസരായ് എന്നീ ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. എപ്പോൾ ചോദ്യങ്ങൾ ഉയർന്നാലും മോദി ലോകയാത്രകളിലായിരിക്കും അല്ലെങ്കിൽ തന്നെ അപമാനിച്ചുവെന്നു പറഞ്ഞ് കരയാൻ ആരംഭിക്കും. ബ്രിട്ടീഷ് ഭരണം പോലെയാണ് മോദി ഭരണവും.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവരെ അടിച്ചമർത്തും. തുടർന്ന് അനാവശ്യ വിഷയങ്ങൾ സംസാരിക്കും.
അതേസമയം, ബിഹാറിലെ എൻഡിഎ സർക്കാരിന്റെ തണലിൽ നടന്ന അഴിമതി, തൊഴിലില്ലായ്മ, ദുർഭരണം എന്നിവയെക്കുറിച്ച് മൗനം പാലിക്കുമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.