Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pro-tem Speaker

പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ജി. സുധാകരൻ

തിരുവനന്തപുരം: പ്രോടെം സ്പീക്കറായി മുതിര്‍ന്ന നിയമസഭാംഗം ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ടാമതാണ് അദ്ദേഹം പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി.,സതീശനും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയാണ് പ്രോടെം സ്പീക്കറുടെ ചുമതല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും ജി.സുധാകരന്‍റെ മുന്നിലാണെന്നതാണ് മറ്റൊരു കൗതുകം.

സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ പിണറായി വിജയനും സജി ചെറിയാനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ നടത്തിയ ചെറ്റ പ്രയോഗം തെരഞ്ഞെടുപ്പില്‍ സുധാകരന്‍ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയിരുന്നു.

നിയമസഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോടെം സ്പീക്കറായി നിയമിക്കുന്നത്. ജി. സുധാകരനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തതിന് പിന്നിലും രാഷ്ട്രീയ കാരണങ്ങളുണ്ട്. സിപിഎം നേതൃത്വം വെല്ലുവിളിച്ചാണ് സുധാകരന്‍ അമ്പലപ്പുഴയില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്.

Latest News

Corehub Up