District News
തൃശൂർ: കേരളത്തിൽ ഒറ്റപ്പെട്ടുകഴിയുന്ന 60 വയസുകഴിഞ്ഞവരുടെ എണ്ണവും അവർ നേരിടുന്ന പ്രശ്നങ്ങളും കൂടിവരുന്നതായി വയോജന കമ്മീഷൻ ചെയർപേഴ്സണ് അഡ്വ.കെ. സോമപ്രസാദ്. വയോജനങ്ങളുടെ ക്ഷേമം സംബന്ധിച്ച വയോജനകമ്മീഷൻ ജില്ലാതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു മനസിലാക്കിയാണ് സംസ്ഥാന സർക്കാർ വയോജന കമ്മീഷൻ രൂപീകരിച്ചത്. യുവജനങ്ങൾ ജോലിതേടി വിദേശത്തേക്കു പോകുന്നതിനാലാണ് ഒറ്റപ്പെടുന്ന വയോധികരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത്. പരാതികളിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽകി. യോഗത്തിനു വയോജന കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നന്പൂതിരി എന്നിവർ നേതൃത്വം നൽകി.
Health
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്
Health
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്.
ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു.
അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും.
കനലിൽ വേവിച്ച മാംസം
എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും.
എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ് കാൻസറിനിടയാക്കുന്നതായി ഗവേഷകർ.
ഷവർമയിലെ അപകടസാധ്യത
ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ... കലരാനുളള സാധ്യത) ഏറെയാണ്.
പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും മുട്ടയും കൂടി മിക്സ് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു.
ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. ഇതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്.
വേവിച്ച ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിലിരുന്നുതന്നെ കേടാകാം.
അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.
വേസ്റ്റ് തുണിയിൽ നിന്ന്...
ഭക്ഷണം തയാറാക്കുകയും വിളന്പുകയും ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പരമപ്രധാനം. യഥാർഥത്തിൽ ഏറ്റവും വൃത്തിക്കുറവുള്ള അടുക്കള ഉപകരണം എന്നു പറയാവുന്നതു മനുഷ്യന്റെ കൈ തന്നെയാണ്.
തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.
(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ സംഭവിക്കാം.
ബർഗറും പഫ്സും
ഇനി ബർഗറിന്റെ കാര്യം. അതിനകത്തു വച്ചിരിക്കുന്ന പച്ചക്കറികളും മസാലക്കൂട്ടും ചേർന്ന സ്റ്റഫിംഗ് കേടാകാൻ സാധ്യതയുണ്ട്. തയാറാക്കി പെട്ടെന്നു കഴിക്കേണ്ട ഭക്ഷണമാണ് ഫാസ്റ്റ് ഫുഡ്.
ബർഗറും മറ്റും തയാറാക്കി ഒന്നുരണ്ടു മണിക്കൂർ ഫ്രിഡ്ജിനു പുറത്തിരുന്നാൽ ചീത്തയാകാൻ സാധ്യത കൂടുതലാണ്. പഴകിയ ബർഗർ കഴിക്കരുത്. അതിനുളളിൽ വയ്ക്കുന്ന ഉളളി പെട്ടെന്നെു കേടാകാനിടയുണ്ട്.
ഇനി പഫ്സിന്റെ കാര്യമെടുക്കാം. അതിനകത്തു നിറച്ചിരിക്കുന്ന മസാലക്കൂട്ട് പെട്ടെന്നു ചീത്തയാകാൻ സാധ്യതയുണ്ട്. അതിനകത്തു വയ്ക്കുന്ന ഉളളി, പച്ചക്കറികൾ എന്നിവയും വേഗം കേടാകുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്