കോട്ടയം: പ്രതികൂലകാലാവസ്ഥയില്‍ ഉത്പാദനം കുറഞ്ഞതോടെ റബര്‍ ഷീറ്റിന്റെ ആഭ്യന്തര വിലയില്‍ വീണ്ടും ഉണര്‍വ്.
ഇന്നലെ ആര്‍എസ്എസ് നാലിന് 287 രൂപയ്ക്കു വ്യാപാരം നടന്നു. റബര്‍ പാല് വില 298 രൂപയ്ക്കു വരെ കഴിഞ്ഞദിവസം കച്ചവടം നടന്നിരുന്നു.
ഇന്നലെ മാര്‍ക്കറ്റില്‍ ആവശ്യത്തിനു ഷീറ്റോ ലാറ്റക്സോ ലഭിച്ചില്ലെന്നു കച്ചവടക്കാര്‍ പറയുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ മൂലം കടല്‍മാര്‍ഗമുള്ള ചരക്കുനീക്കം പൂര്‍വസ്ഥിതിയിലാകാന്‍ വൈകുന്നതാണ് ആഭ്യന്തരവിപണിക്ക് ഉണര്‍വ് നല്‍കുന്നത്.
ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നു ലാറ്റക്സ് വാങ്ങാന്‍ കഴിഞ്ഞദിവസം ഏതാനും കമ്പനികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഷീറ്റ് വിലയില്‍ നേരിയ ഇടിവ് നേരിട്ടപ്പോഴും ആഭ്യന്തര വിപണി മാറ്റമില്ലാതെ തുടരുകയാണ്.