ചെങ്ങന്നൂർ: ഇന്ത്യയിലെ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ജെഎൻയു പ്രഫസർ എമെരിറ്റസുമായ പ്രഫ. ടി.കെ. ഉമ്മൻ (88) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച 12.30ന് സഫ്ദർജംഗ് ജറുസലേം മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തുഗ്ലക്കാബാദ് സെമിത്തേരിയിൽ. ഭാര്യ: ജോസഫിൻ (തിരുവനന്തപുരം കുമാരപുരം തേക്കാട്ടിൽ കുടുംബാംഗം). മക്കൾ: കോശി ഉമ്മൻ (ബഹറിൻ), ജോളി ഉമ്മൻ ( ഒമാൻ). മരുമക്കൾ: റാണി കോശി, മേരി ജോളി.
ദീർഘകാലം ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപകനായിരുന്ന അദ്ദേഹത്തെ സാമൂഹികശാസ്ത്ര രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2008-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1937 ഒക്ടോബർ 16ന് ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലെ തറയിലത്ത് കീരിക്കാട്ട് കുടുംബത്തിൽ സാറാമ്മയുടെയും കോശിയുടെയും മകനായാണ് ജനിച്ചത്.1957ൽ കേരള സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും 1960ൽ പൂനെ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.
പൂനെ സർവകലാശാലയിൽ നിന്നുതന്നെ 1965ൽ പിഎച്ച്ഡി കരസ്ഥമാക്കി. ഇന്ത്യയിലെ ഭൂദാൻ-ഗ്രാമദാൻ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഏറെ ശ്രദ്ധേയമായിരുന്നു.
ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1970ലാണ് ജെഎൻയുവിൽ എത്തുന്നത്. ഒരു വർഷം സോഷ്യോളജിയിൽ റീഡറായി ജോലി ചെയ്തു. 1976 മുതൽ 2002 വരെ അവിടെ സോഷ്യോളജി പ്രഫസറായി സേവനമനുഷ്ഠിച്ചു. ജെഎൻയുവിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
സാമൂഹികനീതി, ജനാധിപത്യം, ബഹുസ്വരത എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റിയിലെ അംഗമായിരുന്നു. ഇന്റർനാഷണൽ സോഷ്യോളജിക്കൽ അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.