തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ തെറ്റായ വ്യവസ്ഥിതികളെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു മടുത്തു മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ടതില്ലെന്നും നല്ല കാര്യങ്ങളിൽ താൻ പിടിവാശിയുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ അടങ്ങുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ഫണ്ടിന് പുറമെ സിഎസ്ആർ ഫണ്ട് കൂടി പ്രയോജനപ്പെടുത്തി സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം നടത്തുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല.
ജനങ്ങളുടെ പണം പാഴായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തുക തന്നെ വേണം. ആരോഗ്യവകുപ്പിലെ ഒഴിവുകൾ കൃത്യമായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താത്കാവിക നിയമനങ്ങൾ പ്രോത്സാഹിപ്പിക്കില്ല. കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാർഥികളുടെ ശാപം വാങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ കേരളത്തിന് എയിംസ് നഷ്ടപ്പെടരുത്. ആശുപത്രി ഉപദേശക സമിതികളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പുറമേ, പട്ടികജാതി വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും ഓരോ പ്രധിനിധികളെക്കൂടി സർക്കാർ നാമനിർദേശം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.