കൊച്ചി: എറണാകുളം ജില്ലാ കോടതിയിലെ സൂക്ഷിപ്പുകേന്ദ്രത്തിൽനിന്ന് തൊണ്ടിമുതൽ മോഷണം പോയ കേസിൽ കോടതിയിലെ പ്രോപ്പർട്ടി റൂമുകളിൽ ജഡ്ജിമാരുടെ നേതൃത്വത്തിൽ പരിശോധന. ഇന്നലെ വൈകുന്നേരമായിരുന്നു അസാധാരണ നടപടി. ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പരിശോധന 20 മിനിറ്റിലധികം നീണ്ടു. സാധാരണ പ്രോപ്പർട്ടി റൂമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ഡ്യൂട്ടിസമയം കഴിഞ്ഞിറങ്ങുമ്പോൾ താഴിൽ അരക്കുവച്ച് സീൽ ചെയ്ത് താക്കോലും മറ്റും റൂമിനു കാവൽ നിൽക്കുന്ന പൊലിസ് ഉദ്യോഗസ്ഥർക്കു കൈമാറും. പിറ്റേന്ന് ഉദ്യോഗസ്ഥൻ എത്തുമ്പോൾ ഈ താക്കോൽ തിരിച്ചുനൽകും.
ഈ ഘട്ടത്തിൽ സീലിന് കുഴപ്പമില്ലെന്ന് ഉറപ്പാക്കി മാത്രമേ ഉദ്യോഗസ്ഥർ താക്കോൽ ഏറ്റുവാങ്ങൂ. സംഭവത്തിൽ പ്രോപ്പർട്ടി റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി എറണാകുളം സെൻട്രൽ പൊലിസ് രേഖപ്പെടുത്തും. ജീവനക്കാർക്കല്ലാതെ തൊണ്ടിമുതൽ കടത്താനാകില്ലെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ പ്രോപ്പർട്ടി റൂം മാറ്റത്തിനിടെ കൈമോശം വന്നതാകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.