തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിനു മാത്രമായി ഇതു സാധിക്കില്ല. എൻജിഒകളും മറ്റ് ഏജൻസികളും ഇതിനായി കൈകോർക്കണം. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരേ പ്രോസിക്യൂഷൻ അടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസണുമായി 12 സ്ഥാപനങ്ങളാണ് ധാരണാപത്രം ഒപ്പുവച്ചത്.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എൻജിഒകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് പരിചരണം ഫലപ്രദമായി നടപ്പിലാക്കാനുള്ള ‘കെയർ ഗീവേഴ്സ്' കോഴ്സിനായി സിലബസ് ചിട്ടപ്പെടുത്തുകയാണ്. ജർമനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകൾ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായാണ് തയാറാക്കുന്നത്.
നഴ്സിംഗിന് തൊട്ടുതാഴെ വരുന്ന ഒരു വർഷത്തെ പ്രായോഗിക കോഴ്സായായിരിക്കും ഇത്. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻജിഒകൾ, സിഎസ്ആർ ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ച് കെയർ ഗീവേഴ്സിനെ നിയമിക്കും. പ്ലസ് ടു വിദ്യാർഥികളെ ഉൾപ്പെടുത്തി ഒരു ‘വോളന്റിയർ കോർ' രൂപീകരിക്കും. വിദ്യാർഥികൾ പ്രായമായവരെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുന്നത് അവരുടെ ഏകാന്തത മാറ്റാനും ജീവിതാശ വർധിപ്പിക്കാനും സഹായിക്കും.
പരിചരണം നൽകുന്നതിനൊപ്പം സിൽവർ ഇക്കോണമിയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. റിട്ടയർ ചെയ്ത വ്യക്തികളുടെ പരിചയസമ്പത്തും അറിവും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും മെന്ററിംഗിനായി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺ ധാരണാപത്രം ഒപ്പുവച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), ഡിമെൻഷ്യ ഇന്ത്യ അലയൻസ്, പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ്, ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്, സ്വസ്തി ദ ഹെൽത്ത് കാറ്റലിസ്റ്റ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയോൺമെന്റ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) എന്നിവയാണ് ധാരണാപത്രം ഒപ്പുവച്ച സ്ഥാപനങ്ങൾ.