കഠിനാധ്വാനിയായ ഒരു പിതാവും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന മനോഹരമായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.
ഒരു റെസ്റ്റോറന്റിൽ ഡെലിവറി പാക്കറ്റ് എടുക്കാൻ വന്ന പിതാവ്, അവിടെ തന്റെ കൂട്ടുകാരിയോടൊപ്പം ഇരിക്കുന്ന മകനെ കാണുന്നതോടെയാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.
തന്റെ ജോലി മകന് കൂട്ടുകാരിയുടെ മുന്നിൽ ഒരു കുറവായി തോന്നാതിരിക്കാൻ, അവിടെത്തന്നെ ഇരുന്നോളാൻ ആ പിതാവ് സ്നേഹത്തോടെ ആംഗ്യം കാണിച്ചു.
എന്നാൽ അച്ഛൻ മടങ്ങാൻ ഒരുങ്ങിയതും വേഗത്തിൽ ഓടിയെത്തിയ മകൻ, അദ്ദേഹത്തെ കൈപിടിച്ച് മേശയ്ക്കരികിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്റെ കൂട്ടുകാരിക്ക് അഭിമാനത്തോടെ പരിചയപ്പെടുത്തി.
ഈ സമയം ഒട്ടും മടി കൂടാതെ ആ പെൺകുട്ടി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് വലിയ ആദരവ് നൽകുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ കൊച്ചു വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ലളിതമായ ജീവിതസാഹചര്യങ്ങളിലും പരസ്പര ബഹുമാനം മുറുകെപ്പിടിക്കുന്ന ഈ യുവാവിന്റെ പെരുമാറ്റത്തെയും, അതിനെ പൂർണമനസോടെ സ്വീകരിച്ച പെൺകുട്ടിയുടെ മനസിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. വലിയ പ്രകടനങ്ങളിലല്ല, പരസ്പരമുള്ള കരുതനിലാണ് യഥാർഥ സ്നേഹം നിലകൊള്ളുന്നതെന്ന് ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.