കൊച്ചി: കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ സ്വര്‍ണവ്യാപാര മേഖലയെ സമ്മര്‍ദത്തിലാക്കരുതെന്ന് വ്യാപാരികള്‍. പരിശോധനയുടെ പേരില്‍ വ്യാപാരികളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം അടപ്പിക്കുന്ന സമീപനം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് അവർ പറയുന്നത്.
പരിശോധനയ്ക്കിടെ സ്റ്റോക്കില്‍ വ്യത്യാസം കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒരു നിശ്ചിത തുക ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു വ്യാപാരികള്‍ രംഗത്തെത്തിയത്.
കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയെ ആശ്രയിച്ചാണ് ആയിരക്കണക്കിന് ചെറുകിട വ്യാപാരികളും ലക്ഷക്കണക്കിനു തൊഴിലാളികളും ഉപജീവനം നടത്തുന്നത്. നികുതിനിയമങ്ങള്‍ പാലിച്ച് വ്യാപാരം നടത്തുന്നവരെ അനാവശ്യ പരിശോധനകളുടെയും ഭീഷണിയുടെയും പേരില്‍ ബുദ്ധിമുട്ടിക്കുന്നത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കും.
ഒരു ജ്വല്ലറിയില്‍ പരിശോധന നടത്തുമ്പോള്‍ രേഖകളിലുള്ള സ്റ്റോക്കിനേക്കാള്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ കാരണം പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍, അധിക സ്റ്റോക്ക് കണ്ടെത്തി എന്ന ഒറ്റ കാരണത്താല്‍ വ്യാപാരി നികുതിവെട്ടിപ്പ് നടത്തിയെന്നു തീരുമാനിക്കാനാകില്ലെന്നാണ് സ്വര്‍ണവ്യാപാരികള്‍ പറയുന്നത്.
സ്വര്‍ണവ്യാപാര മേഖലയില്‍ പഴയ സ്വര്‍ണത്തിന്റെ വാങ്ങല്‍, എക്സ്ചേഞ്ച്, നിര്‍മാണം, ജോബ് വര്‍ക്ക്, അറ്റകുറ്റപ്പണി, വിവിധ ഇടപാടുകളുടെ രേഖപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്റ്റോക്കില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഓരോ വ്യത്യാസത്തിന്റെയും യഥാര്‍ഥ സാഹചര്യം പരിശോധിക്കാതെ അതിനെ നികുതിവെട്ടിപ്പായി ചിത്രീകരിക്കുന്നത് നീതിയുക്തമല്ല.
അധിക സ്റ്റോക്ക് കണ്ടെത്തിയാല്‍ അതിന്റെ ഇനം, അളവ്, തൂക്കം, രേഖകളുമായുള്ള വ്യത്യാസം, അതിന്റെ കാരണം എന്നിവ വിശദമായി രേഖപ്പെടുത്തണം. വ്യാപാരിയുടെ വിശദീകരണവും ബന്ധപ്പെട്ട രേഖകളും പരിശോധിക്കണം. യഥാര്‍ഥത്തില്‍ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവുകളും നിയമപരമായ അടിസ്ഥാനവും വ്യക്തമാക്കി നടപടിയെടുക്കണം.
സ്റ്റോക്കില്‍ അധികം സ്വര്‍ണം കണ്ടെത്തിയാല്‍ ഉടന്‍ ഒരു തുക കണക്കാക്കി അടയ്ക്കാന്‍ വ്യാപാരിയെ നിര്‍ബന്ധിക്കുന്നത് നിയമപരമായ നികുതിനിര്‍ണയ നടപടിയല്ലെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
സംസ്ഥാന ജിഎസ്ടി വകുപ്പും കേന്ദ്ര ജിഎസ്ടി അധികൃതരും അടിയന്തരമായി ഇടപെട്ട് സ്വര്‍ണവ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകള്‍ക്കു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. പരിശോധനയുടെ അധികാരം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥര്ക്കെതിരേ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അഡ്വ. അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.