ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സ്വാഭാവിക ഭൂപ്രകൃതിയും ജൈവവൈവിധ്യവുമുള്ള പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ പ്രധാന ഉത്തരവാദിത്വമാണ്.
ആഗോളതലത്തിൽ ഈ പ്രദേശം പൂവിടുന്ന സസ്യങ്ങൾ, പ്രത്യേകതരം മത്സ്യങ്ങൾ, ഉഭയജീവികൾ, പക്ഷികൾ തുടങ്ങിയവയിൽപ്പെട്ട ജീവിവർഗങ്ങളുടെ ആവാസകേന്ദ്രവും കുരുമുളക്, ഏലം, കറുവപ്പട്ട, മാവ്, പ്ലാവ് തുടങ്ങിയ സാന്പത്തിക പ്രാധാന്യമുള്ള വളർത്തു സസ്യയിനങ്ങളുടെ പരിണാമത്തിലെ ഒരു പ്രധാനകേന്ദ്രവും തണ്ണീർത്തട നദീതട ആവാസവ്യവസ്ഥകളുടെ സവിശേഷതകൾ നിറഞ്ഞ ജൈവവൈവിധ്യത്തിന്റെ അമൂല്യ കലവറയുമാണ്. അതുകൊണ്ടു പരിസ്ഥിതി സംവേദക മേഖലകൾ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ തർക്കമില്ല.എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ സംരക്ഷിക്കേണ്ട പ്രദേശങ്ങളെപ്പോലെ, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും അതേ മാനദണ്ഡത്തിൽ, ഇഎസ്എ പ്രഖ്യാപനം വഴി, വനനിയമം ബാധകമാകുന്ന വിധത്തിൽ ഉൾപ്പെടുത്തുന്നത് ശാസ്ത്രീയമല്ല. അതിനാൽ 2026 ജൂലൈ 27ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ‘പരിസ്ഥിതി സംവേദക പ്രദേശം’ (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ) അഥവാ ഇഎസ്എയുമായി ബന്ധപ്പെട്ട ഏഴാമത്തെ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനു മുന്പ് കേരളത്തിന്റെ യാഥാർഥ്യങ്ങൾ പരിഗണിച്ച് സമഗ്രമായ തിരുത്തലുകൾ അനിവാര്യമാണ്.
കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനത്തിൽ ആറ് സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി നിർദേശിച്ചിരിക്കുന്നത്. കേരളത്തിലെ പന്ത്രണ്ട് ജില്ലകളിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്നു. 2026 സെപ്റ്റംബർ 25 വരെയാണ് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി.
► ആദ്യം പരിഹരിക്കേണ്ടത് ഭൂപടങ്ങളുടെ അപൂർണത
ഇഎസ്എ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സാധാരണ ജനങ്ങൾക്ക് ഇഎസ്എയുടെ കൃത്യമായ അതിർത്തി മനസിലാക്കാൻ കഴിയുന്ന വിധത്തിലുള്ള സന്പൂർണ ഭൂപടങ്ങൾ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കഡാസ്ട്രൽ മാപ്പിലൂടെ ലഭ്യമല്ല എന്നതാണ്. കൂടാതെ,ഡാസ്ട്രൽ മാപ്പുകൾ വിവിധ അളവുകളിൽ അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ചതിനാൽ അതു ജിയോ റെഫറൻസുകൾ ചെയ്ത് സ്ഥലീയ രേഖകളാക്കാൻ പര്യാപ്തമല്ല. പ്രസ്തുത മാപ്പുകളിൽ പലതിലും ശരിയായ മാപ്പ് സ്കെയിലിംഗും (1:4000) നടത്തിയിട്ടില്ല.അതിനാൽ കഡാസ്ട്രൽ മാപ്പുകളിൽനിന്ന് ഇഎസ്എയുടെ വിസ്തീർണം ഡിജിറ്റൈസ് ചെയ്തു നിർണയിക്കുന്നത് അസാധ്യമാണ്. ഭൂപടം ജനങ്ങൾക്ക് വായിക്കാനാകാത്തതാണെങ്കിൽ പൊതുജനാഭിപ്രായം സ്വീകരിക്കുന്ന പ്രക്രിയതന്നെ അപൂർണമാകും.
അതുകൊണ്ട് കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റും കേരള ജൈവവൈവിധ്യ ബോർഡും അടിയന്തരമായി താഴെപ്പറയുന്നവ പൊതുജനങ്ങൾക്കുവേണ്ടി പ്രസിദ്ധീകരിക്കണം: ഓരോ വില്ലേജിന്റെയും കൃത്യമായ ഇഎസ്എ അതിർത്തി; സർവേ നന്പർ/ ബ്ലോക്ക് നന്പർ അടിസ്ഥാനത്തിലുള്ള കഡാസ്ട്രൽ മാപ്പ്; ഇഎസ്എയിൽ ഉൾപ്പെടുന്ന ഭൂമിയുടെ വിസ്തീർണം; വനഭൂമി, സംരക്ഷിതഭൂമി, തോട്ടഭൂമി, കൃഷിഭൂമി, ജനവാസമേഖല എന്നിവ വേർതിരിച്ചുള്ള ഭൂവിനിയോഗ മാപ്പ്; GIS/KML/shape file രൂപത്തിലുള്ള ഡിജിറ്റൽ ഭൂപടങ്ങൾ; ഇഎസ്എ നിർണയത്തിന് ഉപയോഗിച്ച ഉപഗ്രഹചിത്രങ്ങളും മാനദണ്ഡങ്ങളും അവയുടെ ഉറവിടവും; പലപ്പോഴായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച നിർദേശങ്ങളുടെ പൂർണരൂപം; ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടും അതിന്റെ അടിസ്ഥാന രേഖകളും; ഓരോ തിരുത്തലിന്റെയും അടിസ്ഥാനമായ സ്ഥലപരിശോധനയുടെ രേഖകൾ.
► ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി വരുത്തിയ പിശക്
കേരളത്തിലെ ഇഎസ്എ നിർണയത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ് 123 വില്ലേജുകളിൽ 9,107 ചതുരശ്ര കിലോമീറ്റർ ഭൂമി വനഭൂമിയാണെന്നുള്ള കണ്ടെത്തൽ. ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായ മൂന്നംഗ വിദഗ്ധസമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഇഎസ്എ 9,993.7 ചതുരശ്ര കിലോമീറ്ററായി നിർദേശിക്കപ്പെട്ടതായി ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നു. അതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ വനേതരവുമാണെന്ന് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാർ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സമർപ്പിച്ച ഈ റിപ്പോർട്ടിലെ ഇഎസ്എ വിസ്തൃതി തന്നെയാണ് ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിലും നൽകിയിരിക്കുന്നത്.
ഇഎസ്എയായി പ്രഖ്യാപിച്ചിട്ടുള്ള 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമി യഥാർഥത്തിൽ 123 വില്ലേജുകളിൽനിന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ വനമേഖലയുടെ വിസ്തൃതിയല്ല. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന 546 പഞ്ചായത്തുകളിലെ വനഭൂമിയുടെ വിസ്തീർണം 123 വില്ലേജുകളിൽ മാത്രം ഇഎസ്എയുടെ കൃത്യമായ വിസ്തൃതിയായി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനാൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ പ്രസ്തുത കണക്കിന്റെ ഉറവിടം, അതിനായി സ്വീകരിച്ച മാനദണ്ഡം, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ്, വനനിർണയം എന്നിവ പുനഃപരിശോധിക്കേണ്ടതാണ്. ഒരു പൊതുവായ, ജലരേഖപോലെ വരച്ച, വനഭൂമി കണക്ക് ഇഎസ്എയുടെ കൃത്യമായ വിസ്തൃതിയായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. ഇത് ഒരു ചെറിയപിശകല്ല. ഈ തെറ്റിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ട ഇഎസ്എ, ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയും മുപ്പത് ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന കേന്ദ്രങ്ങളും ഇപ്പോഴത്തെ അന്തിമ വിജ്ഞാപനത്തിലൂടെ വനഭൂമിയായി മാറ്റപ്പെടുമെന്ന അപകടം പതിയിരിക്കുന്നു. ഈ തെറ്റു തിരുത്തിനൽകാൻ സംസ്ഥാന ഭരണകൂടവും ഉദ്യോഗസ്ഥരും തയാറാകണം.
► വില്ലേജ് ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റാകരുത്
കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര-സാമൂഹിക സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട തിരുത്തൽ വേണ്ടത് മുഴുവൻ വില്ലേജിനെ ഇഎസ്എയായി പ്രഖ്യാപിക്കുന്ന രീതി ഒഴിവാക്കുക എന്നതാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള മുൻ നിർദേശങ്ങളിൽ, ഒരു വില്ലേജിന്റെ നിശ്ചിത ശതമാനം ഇഎസ്എ പരിധിയിൽ വരുന്പോൾ മുഴുവൻ വില്ലേജിനെയും ഇഎസ്എയായി പരിഗണിക്കുന്ന സമീപനം ഉണ്ടായിരുന്നുവെന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിതന്നെ വിമർശിച്ചിട്ടുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ളതും ആളോഹരി സ്ഥലലഭ്യത കുറവുമായ ഒരു സ്ഥലത്ത് ഒരേ വില്ലേജിനുള്ളിൽ വനവും കൃഷിയിടവും പട്ടണവും ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും തോട്ടങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉണ്ടെന്നും അതേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതുകൊണ്ട് ‘വില്ലേജ് ഭരണപരമായ യൂണിറ്റാണ്; അത് പരിസ്ഥിതിശാസ്ത്രപരമായ ഏകകമല്ല. ഇപ്പോഴത്തെ കരട് വിജ്ഞാപനം അനുസരിച്ച് 131 വില്ലേജുകളെ മുഴുവനായി ഇഎസ്എയായി പ്രഖ്യാപനം നടത്തുന്നതിലൂടെ കേരളത്തിന്റെ പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കാം എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.
► ജനവാസ മേഖല, കൃഷി, തോട്ടങ്ങൾ എന്നിവ ഒഴിവാക്കണം
കേരളത്തിന്റെ പശ്ചിമഘട്ട മേഖല മറ്റു പല സംസ്ഥാനങ്ങളിലേതിൽനിന്നു വ്യത്യസ്തമാണ്. ഇവിടെ വനമേഖലകൾക്കിടയിൽതന്നെ നൂറ്റാണ്ടുകളായി മനുഷ്യവാസവും കൃഷിയും തോട്ടകൃഷിയും നിലനിൽക്കുന്നു. കാപ്പി, ഏലം, കുരുമുളക്, റബർ, തേയില തുടങ്ങിയ തോട്ടങ്ങൾ പല പ്രദേശങ്ങളിലും പ്രാദേശിക സന്പദ്വ്യവസ്ഥയുടെ അടിത്തറയാണ്. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പരന്പരാഗത തോട്ടങ്ങൾ, കൃഷി ഭൂമി, ജനവാസമേഖല, സ്വാഭാവിക പ്രദേശം എന്നിവ കൃത്യമായി വേർതിരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
► സംരക്ഷിത പ്രദേശങ്ങൾ ഇഎസ്എയിൽ വ്യക്തമായി ഉൾപ്പെടുത്തണം
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, അണക്കെട്ടുകൾ, നിർണായക വന്യജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥകൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങൾ ഇഎസ്എയുടെ അന്തിമ ഭൂപടത്തിൽ വ്യക്തമായി ഉൾപ്പെടുത്തണം. അതിനാൽ സംരക്ഷിത വനമേഖലകൾക്കും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾക്കും ശക്തമായ സംരക്ഷണം നൽകുകയും അതേസമയം സാധാരണ കർഷകന്റെ ജീവിതഭൂമിയെ അതേ രീതിയിൽ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തമായ വേർതിരിക്കൽ (Precision Demarcation) സമീപനമാണ് സ്വീകരിക്കേണ്ടത്.
► സ്ഥല പരിശോധന വീണ്ടും നടത്തണം
ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിച്ചുള്ള ഇഎസ്എ നിർണയം കേരളത്തിൽ പലപ്പോഴും തെറ്റിദ്ധാരണകൾക്ക് കാരണമാകാം. പ്രത്യേകിച്ച് ഏലം, കാപ്പി, തുടങ്ങിയ തോട്ടങ്ങൾ ദൂരക്കാഴ്ചയിൽ വനഭൂമിയായി പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ അന്തിമ വിജ്ഞാപനം ഉപഗ്രഹചിത്രങ്ങളും കഡാസ്ട്രൽ മാപ്പും സ്ഥല പരിശോധനയും ജനങ്ങൾക്ക് പരിശോധിക്കാനുള്ള അവസരവും സംയോജിപ്പിച്ച് വേണം തയാറാക്കാൻ.
ഓരോ ഇഎസ്എ വില്ലേജിലും റവന്യു, വനം, കൃഷി വകുപ്പുകൾ, ഗ്രാമസഭ, ജൈവവൈവിധ്യ സംരക്ഷണസമിതി എന്നിവയുടെ പ്രതിനിധികളടങ്ങിയ സംയുക്ത സംഘം സ്ഥല പരിശോധന നടത്തി തയാറാക്കുന്ന വില്ലേജ് ഷേപ്പ് ഫയലുകൾ കൂടുതൽ വിശ്വാസ്യത നൽകും. ഗാഡ്ഗിൽ മുതൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിവരെ ഗ്രാമസഭകൾകൂടി ഉൾപ്പെടുന്ന ഇതിന് സമാനമായ ഒരു സംവിധാനമാണ് നിർദേശിച്ചിട്ടുള്ളത്.
ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നത് രേഖകൾ കാണിച്ചുകൊണ്ടായിരിക്കണം ഒരു പ്രദേശം ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുന്പോൾ ആ പ്രദേശത്തിന്റെ കൃത്യമായ മാപ്പ്, സർവേ, സ്ഥല നിർണയ രേഖകൾ, ഭൂവിനിയോഗ രീതി, പരിസ്ഥിതി സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങൾ എന്നിവ ജനങ്ങൾക്ക് ലഭ്യമാകണം.
‘ഈ വില്ലേജ് ഇഎസ്എയിലാണ് എന്ന ഒറ്റവാക്യം അപൂർണമാണ്, അപകടകരമാണ്. ഒരു കർഷകന് തന്റെ ഭൂമി ഇഎസ്എയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് അറിയാൻ കഴിയണം. ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും അറിയാൻ കഴിയുന്നതാണ് യഥാർഥ ജനപങ്കാളിത്തം.