വെസ്റ്റേൺ റെയിൽവേയുടെ പേരെഴുതിയ ബെഡ്ഷീറ്റുകൾ മൂന്ന് പേർ പൊതുസ്ഥലത്ത് ഷാൾ പോലെ ധരിച്ചു നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ട്രെയിനിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണ് ഇവർ ധരിച്ചിരിക്കുന്നതെന്ന രീതിയിൽ 'ജെംസ് ഓഫ് റെയിൽവേ' എന്ന ഹാൻഡിലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
റെയിൽവേയുടെ വസ്തുവകകൾ അനധികൃതമായി കൈക്കലാക്കുന്നതും പൗരബോധമില്ലായ്മയും ചൂണ്ടിക്കാണിച്ചുള്ള ചർച്ചകളാണ് ഇതിനെത്തുടർന്ന് സജീവമായിരിക്കുന്നത്.
വിവരവകാശ രേഖകൾ പ്രകാരം 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ റെയിൽവേയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ബെഡ്റോൾ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലക്ഷക്കണക്കിന് ടൗവലുകളും ബെഡ്ഷീറ്റുകളും തലയിണ ഉറകളും കമ്പളികളുമടക്കം ഏകദേശം 1.27 കോടിയിലധികം സാധനങ്ങളാണ് ഇത്തരത്തിൽ കാണാതായിട്ടുള്ളത്.
ഇവയുടെ മൊത്തത്തിലുള്ള മൂല്യം 100 കോടി രൂപയോളമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമുതൽ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നതിൽ വ്യാപകമായ അമർഷമാണ് ഉയരുന്നത്.
എന്നാൽ ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ആളുകൾ രണ്ടു തട്ടിലാണ്. കർശന നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കി പൊതുമുതൽ സംരക്ഷിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മറ്റുള്ളവരുടെ അനുവാദമില്ലാതെ വീഡിയോകൾ പകർത്തി ഓൺലൈനിൽ അപമാനിക്കുന്നതിനെയാണ് എതിർവിഭാഗം ചോദ്യം ചെയ്യുന്നത്.
തണുപ്പകറ്റാൻ ആരെങ്കിലും ബെഡ്ഷീറ്റ് ഉപയോഗിച്ചാൽ അതിൽ തെറ്റില്ലെന്നും യഥാർഥ കുറ്റക്കാർ റെയിൽവേ സംവിധാനത്തിനുള്ളിൽ നിന്ന് തന്നെ ഇത്തരം സാധനങ്ങൾ പുറത്തേക്ക് കടത്തുന്ന കരാറുകാരാകാൻ സാധ്യതയുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
വസ്തുക്കൾ നഷ്ടപ്പെടുന്നത് തടയാൻ റെയിൽവേയുടെ പേര് കൂടുതൽ പ്രകടമായ രീതിയിൽ ബെഡ്ഷീറ്റുകളിൽ അടയാളപ്പെടുത്തണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. പൊതുമുതലിന്റെ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.