തിരുവനന്തപുരം: എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ ഔദ്യോഗിക വസതി നവീകരണത്തിന് 58.74 ലക്ഷം രൂപ ചെലവായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. അവശ്യ പ്രവൃത്തികൾ മാത്രം നടത്തി എസ്റ്റിമേറ്റ് കുറയ്ക്കാൻ മന്ത്രി നൽകിയ നിർദ്ദേശത്തെത്തുടർന്ന് തുക ഗണ്യമായി വെട്ടിക്കുറച്ചതായും ഇതുവരെ 10 ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് ചെലവഴിച്ചതെന്നും വകുപ്പ് അറിയിച്ചു.
നവീകരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ 58.74 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, അത്യാവശ്യമായ അറ്റകുറ്റപ്പണികൾ മാത്രമേ നടത്താവൂ എന്ന മന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് സിവിൽ വിഭാഗം പ്രവൃത്തികൾക്ക് 9,84,000 രൂപയും ഇലക്ട്രിക്കൽ വിഭാഗം പ്രവൃത്തികൾക്ക് 20,00,000 രൂപയുമാണ് സാങ്കേതികാനുമതി ലഭിച്ചത്.
ഫൈനൽ ബിൽ പ്രകാരം സിവിൽ വിഭാഗം പ്രവൃത്തികൾക്കായി 9,78,358 രൂപയാണ് ആകെ ചെലവഴിച്ചത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ ഈ ഭരണാനുമതി പ്രകാരം ഇതുവരെ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് വിശദീകരിച്ചു.