ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യസംവാദത്തിന് ക്ഷണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ദേശദ്രോഹിയാണെന്ന് അഞ്ചു മിനിറ്റുകൊണ്ടു സംവാദത്തിലൂടെ തെളിയിക്കാനാകുമെന്നു രാഹുൽ പറഞ്ഞു.
അദാനിയുടെ ഉടമസ്ഥതയിലുള്ള എൻഡിടിവിയിൽവച്ച് സംവാദം നടത്താം. അങ്ങനെയാകുന്പോൾ വേദിയും വിധികർത്താവും നിങ്ങളുടേതാകുമല്ലോ എന്നും രാഹുൽ ചോദിച്ചു. സമൂഹമാധ്യമായ എക്സിലൂടെയായിരുന്നു രാഹുലിന്റെ ക്ഷണം.
ഇതിനു പിന്നാലെ വോട്ട് തട്ടിപ്പിനെക്കുറിച്ച് രാജ്യം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു.
ഇരുനേതാക്കൾക്കും മറുപടിയായി ബിജെപി നേതാക്കളും എത്തി. സംവാദത്തിന് വേദി തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന രാഹുൽ അവിടെ പാർലമെന്റ് എന്നൊരു സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നു മനസിലാക്കണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ മറുപടി പറഞ്ഞു.
പ്രതിപക്ഷ നേതാവായ രാഹുൽ കുറച്ചുകൂടി ഗൗരവവും ഉത്തരവാദിത്തവും കാണിക്കണമെന്നും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു.