ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ (എംജിഎൻആർഇജിഎ) പേര് മാറ്റുന്നു. പൂജ്യ ബാപ്പു ഗ്രാമീണ തൊഴിൽ പദ്ധതി (പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗർ യോജന) എന്നു പേര് മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന ഭേദഗതി ചെയ്ത ബിൽ പാർലമെന്റിൽ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ഇതിനായി കേന്ദ്രമന്ത്രിസഭ അനുമതി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2005ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എൻആർഇജിഎ) എന്നപേരിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമം 2009ലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിൽ പുനർനാമകരണം ചെയ്തത്.
അതേസമയം, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് അനാവശ്യമാണെന്നും ഒരുപാട് സർക്കാർ വിഭവങ്ങളുടെ നഷ്ടമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. പേരുമാറ്റത്തിനു പിന്നിലെ യുക്തിയും മാനസികാവസ്ഥയും മനസിലാകുന്നില്ല.
ഒന്നാമതായി, പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേരാണ്. അതു മാറ്റുന്പോൾ സർക്കാർവിഭവങ്ങൾ അതിനുവേണ്ടി വീണ്ടും ചെലവാക്കുകയാണ്. ഓഫീസുകൾ മുതൽ സ്റ്റേഷനറി വരെയുള്ള സകലതിന്റെയും പേര് മാറ്റുകയാണ്. ഇതൊരു വലിയ ചെലവേറിയ പ്രക്രിയയാണ്. അനാവശ്യമായി ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതിന്റെ ഗുണം മനസിലാകുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മോദിസർക്കാർ പദ്ധതികളുടെയും നിയമങ്ങളുടെയും പേരു മാറ്റുന്നതിൽ വിദഗ്ധരാണെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ജയ്റാം രമേശ് പരിഹസിച്ചു. നിർമൽ ഭാരത് അഭിയാൻ സ്വച്ഛ് ഭാരത് അഭിയാനെന്നും ഗ്രാമീണ എൽപിജി വിതരണ പദ്ധതിയെ ഉജ്ജ്വലയെന്നും കേന്ദ്രം പുനർനാമകരണം ചെയ്തെന്നു ചൂണ്ടിക്കാട്ടിയ ജയ്റാം മഹാത്മാഗാന്ധി എന്ന പേരിന് എന്താണു കുഴപ്പമെന്നും ചോദിച്ചു.