കൊട്ടാരക്കര: കൊട്ടാരക്കര പുലമണ്‍ തോടിന്റെ സംരക്ഷണ പദ്ധതികളെല്ലാം താളംതെറ്റി. തോട്ടില്‍ കരമണ്ണിടിഞ്ഞിറങ്ങിയും കാട് വളര്‍ന്നും നീരൊഴുക്ക് തടസപ്പെടുന്നു. മാലിന്യം തള്ളലും പഴയപടിയിലേക്ക്. മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ തോടിനാണ് ഈ ദുര്‍ഗതി.
2024 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കൊട്ടാരക്കരയിലെത്തി തോടിന്റെ നവീകരണ-ശുചീകരണ പദ്ധതി ഉദ്ഘാടനം ചെയ്തതാണ്. ഇപ്പോള്‍ തോട് പഴയതിലും മോശാവസ്ഥയിലേക്ക് നീങ്ങുകയാണ്. നഗരസഭ അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. തോടിന്റെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനിന്ന് മാലിന്യവുമായി കലര്‍ന്ന് പുഴുനുരയ്ക്കുന്ന അവസ്ഥയിലാണ്. കുറ്റിക്കാടുകളും മണ്‍തിട്ടകളും രൂപപ്പെട്ടതോടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടു. കൂടുതല്‍ കരയിടിയാനും ഇത് കാരണമാകും.
രണ്ട് പതിറ്റാണ്ടായി പുലമണ്‍ തോടിന്റെ സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. കുറച്ച് ഭാഗത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാക്കിഭാഗം ഉപേക്ഷിച്ച നിലയിലാണ്. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി പുലമണ്‍ തോട്ടിലൂടെ ബോട്ടിംഗ് ഉള്‍പ്പടെ ആലോചിച്ചതാണ്.
ഒന്നും നടപ്പായില്ല. ഇപ്പോള്‍ പട്ടണത്തിന് നടുവിലെ തോട് ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ടും അധികൃതര്‍ കണ്ണടയ്ക്കുന്നു. പുലമണ്‍ പാലത്തിന്റെ ഒരു വശത്ത് തോടിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്ക് നിര്‍മിക്കാനും പദ്ധതി തയാറാക്കിയതാണ്.
നടപ്പാക്കാനാകുന്നില്ലെന്ന് മാത്രം. പുലമണ്‍ പാലത്തില്‍ ആല്മരങ്ങള് വളര്‍ന്ന് രണ്ടാള് പൊക്കത്തിലായത് പോലും വെട്ടി വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര നഗര സഭ, മൈലം, കുളക്കട ഗ്രാമപഞ്ചായത്തു കളിലൂടെയാണ് പുലമണ്‍ തോട് കടന്നു പോകുന്നത്. ഇത് കല്ലടയാറ്റില്‍ ചെന്ന് ചേരും.