തൊടുപുഴ: മലങ്കര ഡാമിലേക്ക് രാസമാലിന്യം ഒഴുക്കിയത് അതീവഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. ഇതേത്തുടര്‍ന്നു നിരവധി പമ്പുഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതുമൂലം ആയിരങ്ങളുടെ കുടിവെള്ളം മുട്ടി.
ഇന്നലെ രാവിലെ ഏഴോടെയാണ് ഡാമിലെ വെള്ളത്തില്‍ കലര്‍ന്ന രാസമാലിന്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തിനടിയില്‍ നിന്നു കുമിളപോലെ മുകളിലേക്ക് പതഞ്ഞ് ഉയര്‍ന്നുവന്നിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ മുട്ടം പഞ്ചായത്തിലും പോലീസിലും വിവരമറിയിച്ചു. ഉടന്‍തന്നെ പഞ്ചായത്തധികൃതരും പോലീസും സ്ഥലത്തെത്തി.
ജലഅഥോറിറ്റി വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനാഫലം വന്നാല്‍മാത്രമേ വെള്ളത്തില്‍ കലര്‍ന്നത് ഏതുതരം രാസപദാര്‍ഥമാണെന്ന് കണ്ടെത്താന്‍ കഴിയൂ. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്നു മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള പമ്പിംഗ് ഇന്നലെ മുതല്‍ നിര്‍ത്തിവച്ചു.