പൂനെയിലെ തിരക്കേറിയ റോഡുകളിലൂടെ ഒരിക്കലെങ്കിലും വാഹനമോടിച്ചിട്ടുള്ളവർക്ക് അറിയാം, അതൊരു സാധാരണ ഡ്രൈവിംഗ് അനുഭവമല്ല, മറിച്ച് സാഹസികത നിറഞ്ഞ ഒരു അതിജീവന പോരാട്ടമാണെന്ന്.
ഇൻഡിക്കേറ്ററുകൾ വെറും അലങ്കാരമായും ട്രാഫിക് വരികൾ വെറും നിർദ്ദേശങ്ങൾ മാത്രമായും കാണുന്ന ഇവിടുത്തെ ഡ്രൈവർമാരുടെ ആത്മവിശ്വാസം വളരെ വലുതാണ്.
അത്തരമൊരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ അപ്രതീക്ഷിതമായി കണ്ട ഒരു ഓട്ടോറിക്ഷയുടെ പിന്നിലെ വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
"ഞങ്ങൾക്ക് എയർബാഗുകൾ ഇല്ല, യഥാർഥ പുരുഷന്മാരെപ്പോലെ ഞങ്ങൾ മരിക്കും" എന്ന ആത്മവിശ്വാസം തുളുമ്പുന്ന ആ ബോർഡ് ഒരു കാർ യാത്രികനാണ് ക്യാമറയിൽ പകർത്തിയത്.
പൂനെയിലെ ഡ്രൈവിംഗ് തുടക്കക്കാർക്കുള്ളതല്ല എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായത്. ഈ ദൃശ്യത്തിന് താഴെ രസകരമായ കമന്റുകളുടെ വലിയ നിര തന്നെ കാണാം.
ഇത് പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ പുതിയ ടാഗ്ലൈൻ ആണോ എന്ന് ചിലർ പരിഹസിക്കുമ്പോൾ, പൂനെയിലെ ജനങ്ങൾ ജീവൻ കൈവെള്ളയിൽ വെച്ചാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
എന്നാൽ ഇത്തരത്തിലുള്ള അമിത ആത്മവിശ്വാസം അപകടമാണെന്നും ഇത് പ്രാകൃത മനുഷ്യരുടെ ചിന്താഗതിയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിട്ടുണ്ട്.
മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ചുള്ള സൂചനകൾ നൽകി ഈ തമാശയെ ഗൗരവത്തോടെ കാണുന്നവരും കുറവല്ല. പൂനെയിലെ റോഡുകൾ അവിശ്വസനീയമായ കാഴ്ചകളുടെ ഒരു സങ്കേതമാണ്.
ഇടുങ്ങിയ വിടവുകളിലൂടെ ചീറിപ്പായുന്ന ബൈക്കുകളും സിഗ്സാഗ് രീതിയിൽ ഓടുന്ന ഓട്ടോറിക്ഷകളും ഇവയ്ക്കിടയിൽ ജീവൻ കയ്യിൽ പിടിച്ച് പോകുന്ന കാറുകളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
ഇവിടെ വാഹനം ഓടിക്കുക എന്നതിനർഥം ഓരോ നിമിഷവും റോഡിലെ ഈ 'യുദ്ധക്കളത്തിൽ' അതിജീവിക്കുക എന്നത് കൂടിയാണ്.