തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയതിനെ തുടർന്നു വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനം.
കണ്ണൂർ പിണറായിയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തിയാകുന്നതിനു മുന്പു 11 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു വിജിലൻസ് അന്വേഷണത്തിനു മന്ത്രി കെ.മുരളീധരൻ നിർദേശം നൽകിയത്. ധനവകുപ്പിന്റെ അന്വേഷണം മതിയെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാട്.
മട്ടന്നൂർ, ചാലക്കുടി തുടങ്ങി ആയുർവേദ ആശുപത്രികളിലേക്കും ചട്ടങ്ങൾ ലംഘിച്ചു പർച്ചേസ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകിയത്.