പുഷ്പ 2വിൽ പ്രതീക്ഷിച്ച പ്രാധാന്യം ലഭിക്കാത്തതിൽ നിരാശ തോന്നിയെന്ന് നടി ദിവി വാഥ്യ. ടീസറിൽ പ്രാധാന്യമുള്ളതായി തോന്നിയെങ്കിലും തിയറ്ററിൽ കണ്ടപ്പോൾ നിരാശ തോന്നിയെന്നും നടി പറഞ്ഞു.
കഥ പറഞ്ഞപ്പോൾ, അതൊരു വലിയ വേഷമായിരിക്കുമെന്നാണ് എന്നോട് പറഞ്ഞത്. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവിട്ടത്.
അതിനുശേഷം എനിക്കും സ്വന്തം വേഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മാത്രമാണ്, അത്രയൊന്നുമില്ലെന്ന് എനിക്ക് മനസിലായത്.
എനിക്ക് നിരാശതോന്നി. പക്ഷേ എന്റെ വേദന ആര് ശ്രദ്ധിക്കാനാ... സ്വയം ആശ്വസിപ്പിച്ചു മുന്നോട്ടുപോവേണ്ടിവരും. സിനിമ കണ്ടപ്പോൾ എനിക്ക് വലിയ വേദനതോന്നി. വലിയ വേഷമാണെന്ന് കരുതി എന്റെ പത്ത് സുഹൃത്തുക്കളുമായാണ് ഞാൻ ചിത്രം കാണാൻ പോയത്. 20 ദിവസം ഷൂട്ടിംഗും പത്തുദിവസം ഡബ്ബിംഗുമുണ്ടായിരുന്നു.
നന്നായി അഭിനയിച്ചുവെന്ന് എനിക്ക് അറിയാം. പക്ഷേ, ചിത്രം കണ്ടപ്പോൾ ഞെട്ടിപ്പോയി, നടി പറഞ്ഞു.
ചിത്രത്തിൽ മിന്നു ഉമാ ദേവി എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തയായത്. ഗോഡ്ഫാദർ ഉൾപ്പെടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഹണി എന്ന ചിത്രത്തിലാണ് ഒടുവിൽ വേഷമിട്ടത്.